Lionel Messi

"അവരിപ്പോൾ 2018 ലോകകപ്പിലുണ്ടായിരുന്ന ടീമല്ല"-അർജന്റീന ലോകകപ്പ് നേടാൻ സാധ്യതയുണ്ടെന്ന് ലൂക്ക മോഡ്രിച്ച്

Sreejith N
Luka Modric Says Argentina Are One Of The Favorites For World Cup
Luka Modric Says Argentina Are One Of The Favorites For World Cup / VI-Images/GettyImages
facebooktwitterreddit

ഈ വർഷാവസാനം നടക്കുന്ന ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നാണ് അർജന്റീനയെന്ന് ക്രൊയേഷ്യൻ മധ്യനിര താരം ലൂക്ക മോഡ്രിച്ച്.ലയണൽ മെസിയുടെ നേതൃത്വത്തിൽ വളരെ ഒത്തൊരുമയോടെ, കരുത്തുറ്റ ഒരു ടീമായി അർജന്റീന മാറിയിട്ടുണ്ടെന്നും മോഡ്രിച്ച് പറയുന്നു.

കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയും ക്രൊയേഷ്യയും ഒരേ ഗ്രൂപ്പിലാണ് കളിച്ചത്. ഇരുവരും തമ്മിലുള്ള മത്സരത്തിൽ ക്രൊയേഷ്യ വിജയം നേടിയതോടെ ഗ്രൂപ്പ് ഘട്ടം കടക്കാൻ വിയർത്ത അർജന്റീന പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റ് പുറത്തു പോയിരുന്നു. എന്നാൽ അന്നത്തെ അർജന്റീനയെ ഇപ്പോൾ പ്രതീക്ഷിക്കാൻ കഴിയില്ലെന്നാണ് മോഡ്രിച്ച് പറയുന്നത്.

"ഞങ്ങൾ അവസാനത്തെ ലോകകപ്പിൽ അർജന്റീനക്കെതിരെ കളിക്കുകയും വിജയിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ ഞാൻ കാണുന്നത് ഒരു കരുത്തുറ്റ ടീമിനെയാണ്, മുൻ വർഷങ്ങളിൽ നിന്നും വളരെ ശക്തി പ്രാപിക്കാൻ അവർക്കു കഴിഞ്ഞു. അവർക്കൊരു മികച്ച ഗ്രൂപ്പുണ്ട്, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ കളിക്കാരനായ മെസിയെ തലവനാക്കി നല്ലൊരു സംഘത്തെ അവർ ഉണ്ടാക്കിക്കഴിഞ്ഞു."

"അവർ കൂടുതൽ ഒത്തൊരുമിച്ചു നിൽക്കുന്നുണ്ട്. അവർ അധികം മത്സരമൊന്നും തോറ്റിട്ടില്ല. അതെല്ലാം പറയുന്നുണ്ട്. മെസി ഉള്ളതു കൊണ്ടു തന്നെ അവർ ലോകകിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒരെണ്ണമാണ്." ഇഎസ്‌പിഎന്നിനോട് സംസാരിക്കേ ലൂക്ക മോഡ്രിച്ച് പറഞ്ഞു.

നവംബർ 22ന് സൗദി അറേബ്യക്കെതിരെയാണ് അർജന്റീന ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. അതിനു ശേഷം മെക്‌സിക്കോ, പോളണ്ട് എന്നീ ടീമുകളെയും അവർ നേരിടും. അതേസമയം ബെൽജിയം, കാനഡ, മൊറോക്കോ എന്നീ ടീമുകൾക്കെതിരെയാണ് ക്രൊയേഷ്യ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുക.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit