ചാമ്പ്യൻസ് ലീഗിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തിരിച്ചുവരവ് ഏതു ടീമിനെതിരെയെന്നു വെളിപ്പെടുത്തി മോഡ്രിച്ച്

Modric Reveals Most Difficult Comeback In Champions League
Modric Reveals Most Difficult Comeback In Champions League / Quality Sport Images/GettyImages
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ റയൽ മാഡ്രിഡ് അതിലേക്കുള്ള വഴിയിൽ വീഴ്ത്തിയത് യൂറോപ്പിലെ വമ്പൻ ടീമുകളെയാണ്. നോക്ക്ഔട്ട് മത്സരങ്ങളിൽ പിഎസ്‌ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളെ ലഭിച്ച റയൽ മാഡ്രിഡ് ഒരു ഘട്ടത്തിൽ ഈ മൂന്നു ടീമുകൾക്കെതിരെയും തോൽവിയുടെ വക്കത്തെത്തിയെങ്കിലും അതിഗംഭീര തിരിച്ചുവരവ് നടത്തി വിജയം നേടി ഇപ്പോൾ ഫൈനലിൽ ഇടം പിടിച്ചിരിക്കുകയാണ്.

നോക്ക്ഔട്ടിൽ റയൽ മാഡ്രിഡ് നേരിട്ട മൂന്നു ടീമുകളും ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കരുത്തുള്ളവരായിരുന്നു. എന്നാൽ റയൽ മാഡ്രിഡിന്റെ ആത്മവിശ്വാസത്തിനു പകരം വെക്കാൻ അവർക്കു കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഈ മൂന്നു ടീമുകളിൽ ആർക്കെതിരെയുള്ള തിരിച്ചുവരവാണ് ഏറ്റവും ദുഷ്‌കരമായിരുന്നതെന്ന് ടീമിന്റെ മധ്യനിര താരമായ ലൂക്ക മോഡ്രിച്ച് വെളിപ്പെടുത്തുകയുണ്ടായി.

"ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്നതായിരുന്നു, കാരണം ആ മത്സരത്തിൽ സമയമൊന്നും ബാക്കിയുണ്ടായിരുന്നില്ല. പക്ഷെ ടീമും ആരാധകരും അവസാനം വരെയും വിശ്വസിച്ചു, അത് റയൽ മാഡ്രിഡിന്റെ ഡിഎൻഎയുടെ ഭാഗമാണ്." മോഡ്രിച്ച് സ്‌പാനിഷ്‌ മാധ്യമം മാർക്കയുടെ ലേയേണ്ട അവാർഡ് ദാനച്ചടങ്ങിനിടെ പറഞ്ഞു.

"അവസാനം ഞങ്ങളത് ചെയ്‌തു. ഏറ്റവും രസകരമായിരുന്നത് പിഎസ്‌ജിക്കെതിരെ ഉള്ളതായിരുന്നു. അതൊരു 15 മുതൽ 20 മിനുട്ടു വരെ നീണ്ടു നിന്ന ഉന്മാദാവസ്ഥ ആയിരുന്നു. ബെർണാബുവിലെ ചാമ്പ്യൻസ് ലീഗ് രാത്രികളിൽ സംഭവിക്കുന്നത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. അത് ഞങ്ങളെ പാരീസിലേക്ക് നയിച്ച മാന്ത്രികരാത്രികളുടെ തുടക്കമായിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു." മോഡ്രിച്ച് പറഞ്ഞു.

റയൽ മാഡ്രിഡിൽ തുടർന്ന് റിട്ടയർ ചെയ്യാനാണ് തന്റെ ആഗ്രഹമെന്നും മോഡ്രിച്ച് പറഞ്ഞു. ക്ലബ് തനിക്ക് വീടു പോലെയാണെന്നും ഇവിടെയെത്തിയതു മുതൽ താൻ വളരെ സന്തോഷവാനാണെന്നും ക്ലബിലും നഗരത്തിലുമുള്ള എല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ടെന്നും മോഡ്രിച്ച് വെളിപ്പെടുത്തി. ഏതാനും വർഷങ്ങൾ കൂടി ഇവിടെ തുടർന്ന് റിട്ടയർ ചെയ്യാനാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.