ലയണൽ മെസിയെയെയും പിഎസ്ജിയെയും കീഴടക്കിയതിന്റെ അനുഭവം വെളിപ്പെടുത്തി ലൂക്ക മോഡ്രിച്ച്


ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നിരവധി തവണ തനിക്കെതിരെ വന്ന ലയണൽ മെസിയെ പിന്നീട് പിഎസ്ജി ജേഴ്സിയിൽ നേരിട്ടപ്പോഴത്തെ അനുഭവം പറഞ്ഞ് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച്. മെസിയെ മറ്റൊരു ജേഴ്സിയിൽ കണ്ടത് അപൂർവമായ കാഴ്ചയായിരുന്നുവെന്നു പറഞ്ഞ ലൂക്ക മോഡ്രിച്ച് പിഎസ്ജിയെ കീഴടക്കിയതിലുള്ള സന്തോഷവും വെളിപ്പെടുത്തി.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ മെസി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലാണ് റയൽ മാഡ്രിഡിനെ നേരിട്ടത്. ആദ്യപാദത്തിൽ വിജയം നേടിയ പിഎസ്ജി അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാം പാദത്തിൽ ബെർണാബുവിൽ അടുത്തടുത്ത മിനിറ്റുകളിൽ രണ്ടു ഗോളുകൾ വഴങ്ങി തോൽവി നേരിട്ട് ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു.
"ഒരുപാട് ക്ലാസിക്കോ മത്സരങ്ങൾക്കു ശേഷം ലയണൽ മെസിയെ മറ്റൊരു ജേഴ്സിയിൽ കാണുന്നത് അപൂർവമായ കാഴ്ചയായിരുന്നു. നെയ്മർ, എംബാപ്പെ എന്നിവർക്കൊപ്പം പ്രതിഭകളുടെ ഒരു സംഘമായിരുന്നു അത്. പക്ഷെ ഞങ്ങൾ റയൽ മാഡ്രിഡാണ്, താളം കണ്ടെത്തിയ ഞങ്ങൾ ആരാധകരുടെ പിന്തുണയോടെ അവരെ തകർത്തു. അത് ഞാൻ അനുഭവിച്ച ഏറ്റവും മനോഹരമായ രാത്രികളിൽ ഒന്നായിരുന്നു. അതു ഞാൻ റയൽ മാഡ്രിഡിൽ ഒരുപാട് അനുഭവിച്ചിട്ടുമുണ്ട്."
"ആ വിജയത്തിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾക്ക് എന്തു കഴിയുമെന്ന കാര്യത്തിൽ എല്ലാവർക്കും ഉണ്ടായിരുന്ന വിലയിരുത്തൽ മുഴുവനായും മാറി. സംശയങ്ങൾ മാറി. പിഎസ്ജിക്കെതിരെ ഞങ്ങൾ പ്രതികരിച്ച രീതി ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾക്ക് പലതും ചെയ്യാനുണ്ടെന്ന് എല്ലാവർക്കും കാണിച്ചു കൊടുത്തു." മോഡ്രിച്ച് മാർക്കയോട് പറഞ്ഞു.
പിഎസ്ജിയോടുള്ള വിജയത്തിൽ നിന്നും ആത്മവിശ്വാസം വീണ്ടെടുത്ത റയൽ മാഡ്രിഡ് ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങളിൽ ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്കെതിരെ തിരിച്ചടിച്ചു തന്നെയാണ് വിജയം സ്വന്തമാക്കിയത്. ഫൈനലിൽ ലിവർപൂളിനെയും കീഴടക്കി കിരീടം നേടിയതോടെ റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യൻസ് ലീഗ് നേട്ടങ്ങളിൽ ഒന്നായി കഴിഞ്ഞ സീസണിലേത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.