ചാംപ്യന്‍സ് ലീഗ് ഫൈനലിനുള്ള ലിവർപൂൾ നിരയിൽ മോ സലായും വിർജിൽ വാൻ ഡൈക്കും ഉണ്ടാകുമെന്ന് വ്യക്തമാക്കി യർഗൻ ക്ലോപ്പ്

റയല്‍ മാഡ്രിഡിനെതിരെയുള്ള ചാംപ്യന്‍സ് ലീഗ് കിരീടപ്പോരാട്ടത്തില്‍ മുന്നേറ്റ താരമായ മുഹമ്മദ് സലാഹും പ്രതിരോധ താരമായ വിര്‍ജില്‍ വാന്‍ ഡൈക്കും കളിക്കുമെന്ന് പരിശീലകന് യര്‍ഗന്‍ ക്ലോപ്പ്. നേരത്തെ, വെംബ്ലിയില്‍ ചെല്‍സിക്കെതിരേ നടന്ന എഫ്.എ കപ്പ് കിരീടപ്പോരാട്ടത്തിൽ ഇരു താരങ്ങൾക്കും പരുക്കേറ്റിരുന്നു.
മത്സരത്തിന്റെ 33ാം മിനുട്ടിലായിരുന്നു സലാക്ക് പരുക്കേറ്റത്. താരത്തെ പിന്‍വലിച്ച് ഡിയഗോ ജോട്ടയെ കളത്തിലിറക്കുകയും ചെയ്തിരുന്നു. അതേ സമയം, 90ാം മിനുട്ടിലായിരുന്നു വാന്‍ ഡൈക്കിന് പരുക്കേറ്റത്. വാന്‍ ഡൈക്കിന് പകരം ജോയൽ മാറ്റിപ്പായിരുന്നു കളത്തിലെത്തിയത്.
പ്രീമിയർ ലീഗിലെ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ വോള്‍വ്സിനെതിരെ രണ്ടുപേരും ലിവര്‍പൂള്‍ നിരയില്‍ തിരിച്ചെത്തുമെന്ന് പരിശീലകന് ക്ലോപ്പ് വ്യക്തമാക്കി.
അവര്‍ക്ക് രണ്ട് പേര്‍ക്കും കുഴപ്പമില്ലെന്നും, ബെഞ്ചിലിരുത്തി പകരക്കാരായി കളത്തിലിറക്കുകയോ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയോ ചെയ്യുകയാണ് ലക്ഷ്യമെന്ന് ക്ലോപ്പ് വ്യക്തമാക്കിയതായി മാർക്ക റിപ്പോർട്ട് ചെയ്തു. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ രണ്ട് പേരും കളിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ വോള്‍വ്സിനെതിരേയുള്ള മത്സരത്തില്‍ കരുതലോടെ നീങ്ങുമെന്നും ക്ലോപ് കൂട്ടിച്ചേർത്തു.
ഈ മാസം 29നാണ് റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മില്‍ പാരിസിലാണ് ചാംപ്യന്‍സ് ലീഗിന്റെ കിരീടപ്പോരാട്ടം നടക്കുന്നത്. 2017-18 സീസണില്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഇരു ടീമുകളും നേരില്‍ വന്നപ്പോള്‍ ലിവര്‍പൂളിനെ കീഴടക്കി റയല്‍ മാഡ്രിഡായിരുന്നു കിരീടം സ്വന്തമാക്കിയത്.