ഈ തോല്‍വിക്ക് നമ്മള് പ്രതികാരം ചെയ്യും, ആഫ്കോൺ ഫൈനലിലെ തോൽവിക്ക് ശേഷം ഡ്രസിങ് റൂമിലെ സലായുടെ പ്രസഗം

ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സിന്റെ ഫൈനലിൽ സെനെഗലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡ്രസിങ് റൂമില്‍ ഈജിപ്ത് താരം മുഹമ്മദ് സലാ നടത്തിയ പ്രസംഗം വൈറൽ.
സെനഗലിനോടേറ്റ തോൽവിക്ക് മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ടില്‍ പ്രതികാരം ചെയ്യുമെന്നാണ് സലാ മത്സരശേഷം ഡ്രസിങ് റൂമില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
"12 ദിവസത്തിനിടെ നടന്ന നാലു മത്സരങ്ങള്‍ നമ്മള് 120 മിനുട്ട് കളിച്ചു. പക്ഷെ അതെല്ലാം കഴിഞ്ഞു. അടുത്തമാസം നമുക്ക് അവര്‍ക്കെതിരേ മത്സരമുണ്ട്. ഇന്ഷാ അല്ലാ, നമ്മൾ അവരോട് പ്രതികാരം ചെയ്യും," സലാഹ് പറഞ്ഞതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാത്രി നടന്ന കിരീടപ്പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ചരിത്രത്തിലാദ്യമായി സെനഗല്‍ ആഫ്രിക്കന്‍ നേഷൻസ് കപ്പ് കിരീടം സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു സെനഗലിന്റെ വിജയം.
മാര്‍ച്ച് അവസാനത്തിലാണ് സെനഗലും ഈജിപ്തും തമ്മില്‍ ലോകകപ്പ് യോഗ്യതക്ക് വേണ്ടി ഇരു പാദ മത്സരങ്ങള്‍ കളിക്കുന്നത്. മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് ലോകകപ്പ് ടിക്കറ്റ് ലഭിക്കും. നിലവില്‍ ഗ്രൂപ്പ് എച്ചില് സെനഗലും ഗ്രൂപ്പ് എഫില്‍ ഈജിപ്തുമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയില്‍ മാര്‍ച്ച് 23നാണ് ലോകകപ്പ് യോഗ്യതയുടെ ആദ്യ പാദം നടക്കുന്നത്.
മാര്‍ച്ച് 29ന് സെനഗലിന്റെ തലസ്ഥാനമായ ദകറില് രണ്ടാം പാദ മത്സരവും നടക്കും. ഈ മത്സരത്തില്‍ സെനഗലിനെ തോല്പിക്കണമെന്നാണ് സലാഹ് സഹതാരങ്ങളോട് ആഹ്വാനം ചെയ്തത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.