Football in Malayalam

കരിയർ അവസാനം വരെ ലിവർപൂളിൽ തുടരാനാണ് താൽപര്യമെങ്കിലും അതിനുള്ള സാധ്യതകൾ തന്റെ കയ്യിലല്ലെന്ന് സലാ

Sreejith N
Atletico Madrid v Liverpool FC: Group B - UEFA Champions League
Atletico Madrid v Liverpool FC: Group B - UEFA Champions League / Chloe Knott - Danehouse/GettyImages
facebooktwitterreddit

കരിയറിന്റെ അവസാനം വരെ ലിവർപൂളിൽ തന്നെ തുടരാനാണ് താൽപര്യമെങ്കിലും അതു തനിക്കു മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് സൂപ്പർതാരം മൊഹമ്മദ് സലാ. നിലവിൽ തന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സലായുടെ കരാർ അവസാനിക്കാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കെയാണ് ഈജിപ്ഷ്യൻ താരം ഇക്കാര്യം അറിയിച്ചത്.

സലായുടെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ നേതൃത്വം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പുതിയ കരാർ സംബന്ധിച്ച ധാരണയിൽ ഇരു കക്ഷികളും എത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ലിവർപൂളിൽ കരിയർ അവസാനിപ്പിക്കാനാണ് തനിക്കു താൽപര്യമെന്ന് വ്യക്തമാക്കിയതിലൂടെ തനിക്ക് ക്ലബിൽ തന്നെ തുടരാനാണു ആഗ്രഹമെന്നു കൂടിയാണ് ഈജിപ്ഷ്യൻ താരം അറിയിക്കുന്നത്.

"നിങ്ങൾ ചോദിക്കുകയാണെങ്കിൽ, എന്റെ ഫുട്ബോൾ കരിയർ അവസാനിക്കുന്ന ദിവസം വരെയെന്നു ഞാൻ പറയും. പക്ഷെ അതെന്റെ കൈകളിലുള്ള കാര്യമല്ലെന്നതു കൊണ്ട് കൂടുതൽ പറയാൻ എനിക്കു കഴിയില്ല. അതു ക്ലബിന് എന്താണ് വേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും. നിലവിൽ ലിവർപൂളിനെതിരെ കളിക്കുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല, അതെനിക്കു വലിയ വിഷമം ഉണ്ടാക്കുന്നതാണ്."

"അതു വളരെ കടുപ്പമേറിയ കാര്യമാണ്, എനിക്കതിനെക്കുറിച്ച് സംസാരിക്കാൻ പോലും ആഗ്രഹമില്ല. നിലവിൽ ഞാൻ ലിവർപൂളിനെതിരെ കളിക്കുമെന്നു കാണുന്നതേയില്ല, എന്നാൽ ഭാവിയിൽ എന്താണു സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം," സ്കൈ സ്പോർട്സ് ന്യൂസിനോട് സംസാരിക്കുമ്പോൾ സലാ പറഞ്ഞു.

ഈ സീസണിൽ ഒന്നൊഴികെ ബാക്കിയെല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്തിയ സലാ ഇതുവരെ പതിനൊന്നു മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു ഗോളുകളാണ് നേടിയിട്ടുള്ളത്. അടുത്ത മത്സരത്തിൽ റൊണാൾഡോ കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരം ആരാണെന്ന് തെളിയിക്കാനുള്ള അവസരം കൂടി സലാക്കുണ്ട്.


facebooktwitterreddit