Football in Malayalam

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെയും റാമോസിനെയും നേരിടുന്നതിനെക്കുറിച്ച് പ്രതികരിച്ച് സലാ

Sreejith N
2017-18 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റാമോസും സലായും
2017-18 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റാമോസും സലായും / Etsuo Hara/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഏറെ ചർച്ചയായ പോരാട്ടമാണ് റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ളത്. 2018ൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം നേടിയതും അന്നത്തെ മത്സരത്തിൽ ലിവർപൂൾ താരം സലാക്ക് റാമോസിന്റെ ഫൗളിൽ ഗുരുതരമായി പരിക്കേറ്റു കളിക്കളം വിടേണ്ടി വന്നതുമെല്ലാം ആരാധകർ വീണ്ടും ചർച്ച ചെയ്‌തിരുന്നു.

രണ്ടു ടീമുകളും വീണ്ടും മുഖാമുഖം വന്നു നിൽക്കെ അന്നത്തെ സംഭവം കഴിഞ്ഞു പോയ കാര്യമാണെന്നാണ് ലിവർപൂളിന്റെ സൂപ്പർതാരമായ സലാ പറയുന്നത്. തന്റെ ടീമിന്റെ പ്രകടനത്തിൽ മാത്രമാണ് ശ്രദ്ധ നൽകുന്നതെന്നും റയൽ മാഡ്രിഡിനെ ഈ ഘട്ടത്തിൽ തന്നെ നേരിടുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും സ്‌പാനിഷ്‌ മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ സലാ പറഞ്ഞു.

റാമോസിനെ വീണ്ടും നേരിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മുഹമ്മദ് സലായുടെ മറുപടി ഇങ്ങിനെയായിരുന്നു. "ആ മത്സരം കഴിഞ്ഞു പോയതാണ്. ഞാനതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. ഞാൻ ടീമിനെക്കുറിച്ചാണ് ആലോചിക്കുന്നത്. എല്ലാവരും അവരവരുടെ ടീമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, എല്ലാവർക്കും വേണ്ടത് വിജയവുമാണ്," സലാ വ്യക്തമാക്കി.

റയലിനെ നറുക്കെടുപ്പിൽ എതിരാളികളായി ലഭിച്ചപ്പോൾ സെമി ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ അതൊരു വലിയ കാര്യമായിരിക്കുമെന്നു തോന്നിയെന്ന് പറഞ്ഞ സലാ, താനൊരു ടീമിനെയും പ്രത്യേകം ആഗ്രഹിച്ചിരുന്നില്ലെന്നും വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കുന്ന ടീമുകളെല്ലാം കരുത്തരായിരിക്കുമെന്നും താരം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ റയൽ മാഡ്രിഡിന് തന്നെയാണ് മത്സരത്തിൽ മുൻതൂക്കമുള്ളത്. പ്രധാന പ്രതിരോധ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായ ലിവർപൂൾ പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്താൻ പൊരുതിക്കൊണ്ടിരിക്കയാണ്. അതേസമയം സീസണിന്റെ ആദ്യ ഘട്ടത്തിൽ പതറിയ റയൽ മാഡ്രിഡ് ഇപ്പോൾ മികച്ച ഫോമിലാണു കളിക്കുന്നത്.


facebooktwitterreddit