'ബാഴ്സലോണ നല്ലൊരു നേതാവിനെ കണ്ടെത്തേണ്ട സമയമായി'; കൂമാനെ ലക്ഷ്യം വെച്ച് കൊണ്ടുള്ള പരിഹാസവുമായി മിറാലം പ്യാനിച്ച്

By Gokul Manthara
Sevilla v FC Barcelona - Spanish Copa del Rey
Sevilla v FC Barcelona - Spanish Copa del Rey / Soccrates Images/Getty Images
facebooktwitterreddit

നിലവിൽ പല‌തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ബാഴ്സലോണ നല്ലൊരു നേതാവിനെ കണ്ടെത്തേണ്ട സമയമായെന്ന് ഇക്കുറി ക്ലബ്ബിൽ നിന്ന് ബെസിക്തസിലേക്ക് ലോണിൽ കളിക്കാൻ പോയ മിറാലം പ്യാനിച്ച്. സമീപകാലത്ത് ബാഴ്സലോണയുടെ പ്രകടനങ്ങൾ അതിദയനീയമായ സാഹചര്യത്തിലാണ് പരിശീലകൻ റൊണാൾഡ് കൂമാനെ ഉന്നം വെച്ചു കൊണ്ട് പ്യാനിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. കൂമാൻ ഒരു നല്ല നേതാവല്ലെന്നും, ബാഴ്സലോണയെ പ്രതിസന്ധി ഘട്ടത്തിൽ നിന്ന് കരകയറ്റാൻ അദ്ദേഹത്തിന് പകരം മികച്ചൊരു നേതാവ് ക്ലബ്ബിലെത്തണമെന്നുമാണ് തന്റെ വാക്കുകളിലൂടെ പ്യാനിച്ച് പറയാതെ പറഞ്ഞിരിക്കുന്നത്.

"ബാഴ്സലോണ ദുഷ്കരമായ സമയങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആരാധകർ ആഗ്രഹിക്കുന്നത് പോലെ മത്സരഫലങ്ങൾ വരുന്നില്ല. അത് കളികാരെ സമ്മർദ്ദത്തിലാക്കുന്നു. ഒരു പക്ഷേ ടീമിനെ തിരികെ കൊണ്ടു വരാൻ ഒരു നല്ല നേതാവിനെ ആവശ്യമായിരിക്കാം. ബാഴ്സലോണ പഴയ കാലത്തിലേക്ക് മടങ്ങിയെത്തും, എന്നാൽ അതിന് കുറച്ച് സമയമെടുക്കും. ബാഴ്സ ലോകത്തെ ഏറ്റവും വലിയ നാലോ അഞ്ചോ ക്ലബ്ബുകളിൽ ഒന്നാണ്. അവർ പഴയ കാലത്തേക്ക് മടങ്ങിയെത്തും," ബീ ഇൻ സ്പോർട്സിനോട് സംസാരിക്കവെ പ്യാനിച്ച് വ്യക്തമാക്കി.

അതേ സമയം, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായി തിളങ്ങി നിൽക്കുന്നതിനിടെയായിരുന്നു 2020ൽ പ്യാനിച്ച് ബാഴ്സലോണയിലെത്തിയത്‌. യുവന്റസിൽ നിന്ന് വലിയ പ്രതീക്ഷകളോടെ കാറ്റലൻ ക്ലബ്ബിലെത്തിയെങ്കിലും അവിടെ കൂമാന്റെ തന്ത്രങ്ങളിൽ പ്യാനിച്ചിന് കാര്യമായ ഇടം ലഭിച്ചിരുന്നില്ല. ഇത് താരവും പരിശീലകനുമായുള്ള ബന്ധവും മോശമാക്കി.

ഇക്കുറി ബെസിക്തസിലേക്ക് ലോണിൽ കളിക്കാൻ പോയ പ്യാനിച്ച് പിന്നാലെ കൂമാനെതിരെ പരസ്യ വിമർശനം നടത്തി രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. കൂമാൻ തന്നോട് അനാദരവ് കാട്ടിയെന്നും കരിയറിൽ ഇതു പോലൊരു അവസ്ഥ തനിക്ക് മുൻപ് നേരിടേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു ബോസ്നിയൻ താരം പറഞ്ഞത്. എന്നാൽ പ്യാനിച്ചിനേക്കാൾ മികച്ച കളിക്കാർ ടീമിലുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന് കൂടുതൽ മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നത് എന്നായിരുന്നു തനിക്കെതിരെ പ്യാനിച്ച് ഉയർത്തിയ വിമർശനങ്ങൾക്ക് കൂമാന്റെ മറുപടി.


facebooktwitterreddit