"ഡിസംബർ സ്വപ്നങ്ങളുടെ മാസമാണ്"- പോഗ്ബ ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടേക്കാമെന്ന സൂചനകൾ നൽകി മിനോ റയോള


ഫ്രഞ്ച് മധ്യനിരതാരമായ പോൾ പോഗ്ബ ജനുവരിയിൽ ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകി ഏജന്റായ മിനോ റയോള. ഡിസംബർ സ്വപ്നങ്ങളുടെ മാസമാണെന്നാണ് ആറു മാസം മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിൽ ബാക്കിയുള്ള പോഗ്ബയുടെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ റയോള പറഞ്ഞത്.
നേരത്തെ തന്നെ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളതാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ സ്വന്തമാക്കാൻ പിഎസ്ജി ശ്രമം നടത്തിയെങ്കിലും റൊണാൾഡോ അടക്കമുള്ള താരങ്ങളെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായ ടീമായതോടെ പോഗ്ബ തുടരുകയായിരുന്നു.എന്നാൽ നിലവിൽ ക്ലബിന്റെ മോശം ഫോം താരത്തെ മാറി ചിന്തിപ്പിച്ചേക്കുമെന്നാണ് കരുതേണ്ടത്.
His contract is up next summer. https://t.co/aFA3H28B1x
— MARCA in English (@MARCAinENGLISH) November 18, 2021
"ഡിസംബർ സ്വപ്നങ്ങളുടെ മാസമാണ്, അതു കാണാതിരിക്കാൻ എനിക്കു കഴിയില്ല, പക്ഷെ ഏറ്റവും നല്ലത് പോഗ്ബയെക്കുറിച്ച് സംസാരിക്കാതിരിക്കുകയാണ്. എന്നെയും പോഗ്ബയെയും കുറിച്ച് സംസാരിച്ചില്ലെങ്കിൽ ചില പഴയ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർക്ക് പ്രവർത്തിക്കാൻ കഴിയില്ല."
"പോഗ്ബയുടെ കരാറിനെക്കുറിച്ച് ഇപ്പോൾ പറയുന്നത് വളരെ നേരത്തെയായിപ്പോകും. എന്തു സംഭവിക്കുമെന്നു നമുക്ക് നോക്കാം. ആരും സ്വപ്നം കാണുന്നത് തടയാൻ എനിക്കു കഴിയില്ല." റായ് സ്പോർട്സിനോട് സംസാരിക്കുമ്പോൾ റയോള പറഞ്ഞു.
മുൻ ക്ലബായ യുവന്റസിലേക്കാണ് പോഗ്ബ ചേക്കേറാൻ കൂടുതൽ സാധ്യത. എന്നാൽ മധ്യനിരയിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന പിഎസ്ജിയും സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയുമെല്ലാം ഫ്രഞ്ച് താരത്തിനായി രംഗത്തു വരാൻ സാധ്യതയുണ്ട്.