Football in Malayalam

ഹാലൻഡിനെ ടീമിലെത്തിക്കണമെങ്കിൽ ബാഴ്സലോണ ഒരു ലോഡ് ഡിമാൻഡുകൾ അംഗീകരിക്കേണ്ടി വരും ; പുറത്ത് വരുന്ന സൂചനകൾ ഇങ്ങനെ...

Gokul Manthara
FC Bayern Muenchen v Borussia Dortmund - Bundesliga
FC Bayern Muenchen v Borussia Dortmund - Bundesliga / Sebastian Widmann/Getty Images
facebooktwitterreddit

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കളികാരിൽ ഒരാളായിരിക്കുമെന്ന് കരുതപ്പെടുന്ന താരമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിംഗ് ഹാലൻഡ്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച യുവ മുന്നേറ്റ താരങ്ങളിലൊരാളായ ഹാലൻഡിന്റെ ഭാവി തട്ടകമായി ഏറ്റവുമധികം പറഞ്ഞു കേൾക്കുന്നത് സ്പാനിഷ് ക്ലബ്ബുകളായ റയൽ മാഡ്രിഡിന്റേയും, ബാഴ്സലോണയുടേയും പേരുകളാണ്. ഇതിനിടെയാണ് ഹാലൻഡിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കഴിഞ്ഞ‌ ദിവസം താരത്തിന്റെ പിതാവും, ഏജന്റ് മിനോ റയോളയും ബാഴ്സലോണ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുകൾ വന്നത്.

ഇപ്പോളിതാ ഹാലൻഡ് ബാഴ്സലോണയിലെത്തണമെങ്കിൽ ചില‌ ഡിമാൻഡുകൾ കറ്റാലൻ ക്ലബ്ബിന് അംഗീകരിക്കേണ്ടി‌ വരുമെന്നും അത് എന്തൊക്കെയാണെന്നും റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ ആർ എ സി 1. കഴിഞ്ഞ ദിവസം ബാഴ്സലോണ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഹാലൻഡിന്റെ പ്രതിനിധികൾ, താരത്തിന്റെ ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ സാധ്യമാകണമെങ്കിൽ അംഗീകരിക്കേണ്ട ഡിമാൻഡുകൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയത്.

ഹാലൻഡ് ടു ബാഴ്സലോണ കരാർ സാധ്യമാകണമെങ്കിൽ താരത്തിന്റെ ഏജന്റായ മിനോ റയോളക്കും, പിതാവ് ആൽഫ് ഇഞ്ച് ഹാലൻഡിനും ബാഴ്സലോണ 20 മില്ല്യൺ യൂറോ വീതം നൽകണമെന്നതാണ് ഡിമാൻഡുകളിൽ പ്രധാനം. ഹാലൻഡ് ബാഴ്സലോണയിലെത്തണമെങ്കിൽ ഈ ഡിമാൻഡ് ബാഴ്സലോണ അംഗീകരിച്ചേ മതിയാവൂ. ഇതിന് പുറമേ താരത്തിന് 30 മില്ല്യൺ യൂറോ ശമ്പളയിനത്തിൽ നൽകണമെന്നതാണ് മറ്റൊരു ഡിമാൻഡ്. ഈ ഡിമാൻഡുകൾക്കൊപ്പം അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ക്ലബ്ബിൽ തുടരണം എന്നൊരു ആവശ്യം കൂടി ഹാലൻഡിന്റെ പ്രതിനിധികൾ മുന്നോട്ടു വെച്ചിട്ടുണ്ട്.

ഹാലൻഡിനായി ഇത്രയധികം ഡിമാൻഡുകൾ അദ്ദേഹത്തിന്റെ പ്രതിനിധികൾ‌ മുന്നോട്ട് വെച്ചിരിക്കുന്നത് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ കറ്റാലൻ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദന‌ സമ്മാനിക്കുന്നതാണ്. എങ്കിലും താരത്തിനെ ഏത് വിധേനയും ടീമിലെത്തിക്കാൻ ബാഴ്സലോണ ശ്രമങ്ങൾ തുടരുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം 2020-21 സീസണിൽ ഉജ്ജ്വല ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ഹാലൻഡിനെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ തമ്മിൽ വലിയ മത്സരം ഇത്തവണത്തെ‌ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നടക്കുമെന്നാണ് സൂചന. നിലവിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോളടിയന്ത്രമായ ഹാലൻഡ് ഈ സീസണിൽ കളിച്ച 32 മത്സരങ്ങളിൽ 33 ഗോളുകളും, 8 അസിസ്റ്റുകളും നേടിക്കഴിഞ്ഞു.

facebooktwitterreddit