അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി ഫുട്ബോൾ ഏജന്റ് മിനോ റയോള

യൂറോപ്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ സജീവ സാന്നിധ്യമായ മിനോ റയോള ആശുപത്രിയില്‍. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷമാണ് അദ്ദേഹത്തെ ഇറ്റലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഇറ്റാലിയന്‍ മാധ്യമമായ ലാ ഗസട്ടെ ഡെല്ലെയുടെ ഓണ്‍ലൈന്‍ എഡിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തിര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ റയോള ഇപ്പോള്‍ മിലാനിലെ സാന്‍ റാഫലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ റയോള ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
എന്നാല്‍ എന്തിനാണ് റയോളക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. മോഡേണ്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ പ്രധാന ഏജന്റായ റയോള ഇറ്റലിയിലാണ് ജനിച്ചതെങ്കിലും നെതര്‍ലന്‍ഡ്‌സിലായിരുന്നു വളര്‍ന്നത്. യൂറോപ്യന്‍ ഫുട്‌ബോളിലെ പ്രശസ്ത താരങ്ങളായ പോള്‍ പോഗ്ബ, ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാളണ്ട്, എ.സി മിലാന്‍ താരം സ്ലാറ്റന്‍ ഇബ്രാഹീമോവിച്ച്, യുവന്റസിന്റെ ഡച്ച് താരം മതിയാസ് ഡിലിറ്റ് തുടങ്ങിയ താരങ്ങളുടെ ഏജന്റാണ് റയോള.
ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂജി ഡോണരുമ്മയുടെയും ഏജന്റ് റയോള തന്നെയാണ്. 54കാരനായ റയോള, ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്‌തനായ ഏജന്റുമാരിൽ ഒരാൾ കൂടിയാണ്. 2020ലെ ഫോബ്‌സ് മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം 84.7 മില്യന്‍ ആസ്ഥിയുള്ളയാളാണ് റയോള.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.