പോഗ്ബ യുവന്റസിലേക്കു തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് ഏജന്റ് മിനോ റയോള


മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ പോൾ പോഗ്ബ അടുത്ത സമ്മറിൽ മുൻ ക്ലബായ യുവന്റസിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് ഏജന്റായ മിനോ റയോള. നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കുന്ന താരം അതു പുതുക്കാൻ അനുകൂല തീരുമാനം എടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് റെഡ് ഡെവിൾസിന്റെ ആരാധകരെ ആശങ്കയിലാക്കുന്ന പ്രതികരണം റയോള നടത്തിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള താൽപര്യം പലപ്പോഴും പരോക്ഷമായി പ്രകടിപ്പിച്ചിട്ടുള്ള പോഗ്ബ ഇക്കഴിഞ്ഞ സമ്മറിൽ തന്നെ ക്ലബ് വിടാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുകൊടുക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് ക്ലബിനൊപ്പം തുടർന്ന പോഗ്ബ റൊണാൾഡോയടക്കമുള്ള താരങ്ങളെത്തി ടീം മികച്ച പ്രകടനം നടത്താൻ ആരംഭിച്ചതിനെ തുടർന്ന് കരാർ പുതുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന അഭ്യൂഹങ്ങൾ വന്നു കൊണ്ടിരിക്കെയാണ് മിനോ റയോളയുടെ വെളിപ്പെടുത്തൽ.
Mino Raiola claims Juventus still in Man Utd star Paul Pogba's hearthttps://t.co/dfOhlKgD0y pic.twitter.com/3vylYJMgvI
— Mirror Football (@MirrorFootball) September 17, 2021
"ജൂണിൽ പോഗ്ബയുടെ കരാർ അവസാനിക്കാൻ പോവുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി സംസാരിച്ചതിനു ശേഷം എന്താണു സംഭവിക്കുകയെന്നു നോക്കാം." റയോള റായ് സ്പോർട്ടിനോട് പറഞ്ഞു. "ടുറിൻ അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ട്. പോഗ്ബ യുവന്റസിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതയുമുണ്ട്, അതു യുവന്റസിനെ ആശ്രയിച്ചിരിക്കും." റയോള കൂട്ടിച്ചേർത്തു.
പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് റയോള തന്നെ പല സന്ദർഭങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ പോഗ്ബയും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്നും താരം ക്ലബിൽ തൃപ്തനല്ലെന്നും പുതിയൊരു ടീമടക്കം ഒരു മാറ്റം അദ്ദേഹത്തിന് ആവശ്യമുണ്ടെന്നും റയോള പറഞ്ഞിരുന്നു.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ സംബന്ധിച്ച് റയോളയുടെ പ്രതികരണം വലിയ ആശങ്കയാണ്. ഈ സീസണിൽ ഏറ്റവും മികച്ച ഫോമിലാണ് പോഗ്ബ കളിക്കുന്നത്. സീസൺ ആരംഭിച്ചതിനു ശേഷം ഏഴ് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ക്ലബിന്റെ പ്രകടനം അടിസ്ഥാനമാക്കിയാവും തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുക്കുക.