ചാമ്പ്യൻസ് ലീഗ് 2021/22 സീസണിൽ ഇത് വരെ വിജയം കാണാനാകാതെ മിലാൻ ടീമുകൾ

ചാമ്പ്യൻസ് ലീഗ് 2021/22 സീസണിൽ വിജയം കണ്ടെത്താനാകാതെ ഇറ്റാലിയൻ ടീമുകളായ എസി മിലാനും ഇന്റർ മിലാനും. എല്ലാ ടീമുകളുടെയും ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, ഗ്രൂപ് ഡിയിൽ ഒരു പോയിന്റ് മാത്രം നേടിക്കൊണ്ട് ഇന്റർ 3ആം സ്ഥാനത്തും, ഗ്രൂപ്പ് ബിയിൽ പോയിന്റുകളൊന്നുമില്ലാതെ മിലാൻ അവസാന സ്ഥാനത്തുമാണ്.
കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച കളി കാഴ്ചവെച്ചെങ്കിലും മിലാന് ഇത് വരെയും ജയിക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ ലിവർപൂളിനോട് പരാജയപ്പെട്ട മിലാൻ, കഴിഞ്ഞ മത്സരത്തിൽ ശക്തരായ അത്ലറ്റികോ മാഡ്രിഡിനോട് അവസാന നിമിഷത്തിൽ പെനാൽറ്റി വഴങ്ങി തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
അതേ സമയം, ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനോട് അവസാന നിമിഷം വഴങ്ങിയ ഗോളിൽ പരാജയം കണ്ട ഇന്റർ, രണ്ടാം മത്സരത്തിൽ ഷക്തർ ഡോണെറ്സ്കിനോട് ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു.
ചെറിയ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തിയ മിലാനും, നിലവിലെ സീരി എ ജേതാക്കളായ ഇന്ററിനും ചാമ്പ്യൻസ് ലീഗിൽ കാലിടറുന്നതാണ് ടൂർണമെന്റിന്റെ ആദ്യ രണ്ട് മാച്ച്ഡേകളിൽ നാം കണ്ടത്. അതിനാൽ തന്നെ, അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ലക്ഷ്യമിടുന്ന രണ്ട് മിലാൻ ടീമുകൾക്കും ഇനിയുള്ള മത്സരങ്ങൾ വളരെ പ്രാധന്യമേറിയതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകൾക്കും ഇനിയും നാല് മത്സരങ്ങൾ ബാക്കി ഉണ്ടെന്നിരിക്കെ, റൗണ്ട്-ഓഫ്-16ലേക്ക് യോഗ്യത നേടുന്നത് അസാധ്യമായ കാര്യമല്ല.