Football in Malayalam

ലപ്പോർട്ട പ്രസിഡന്റായാൽ ബാഴ്‌സലോണ പരിശീലകനാവാൻ ആഴ്‌സണൽ മാനേജർ അർടെട്ടയും പരിഗണനയിൽ

Sreejith N
Arsenal v Manchester United - Premier League
Arsenal v Manchester United - Premier League / Pool/Getty Images
facebooktwitterreddit

ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷനിലേക്ക് ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
നിർണായകമായൊരു ഘട്ടത്തിൽ നിൽക്കുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് അതിനിർണായകമായ ഈ പ്രസിഡന്റ തിരഞ്ഞെടുപ്പിന്റെ ക്യാമ്പെയ്‌നിൽ മുൻ പ്രസിഡന്റായ യോൻ ലപോർട്ടക്കു പുറമെ വിക്ടർ ഫോണ്ട്, ടോണി ഫ്രയ്ക്സ എന്നിവർ മുന്നിൽ നിൽക്കുമ്പോൾ കൂടുതൽ സാധ്യത കൽപ്പിക്കുന്ന പേര് ലപോർട്ടയുടേതു തന്നെയാണ്.

പുതിയ പ്രസിഡന്റായി എത്തുന്നയാൾ നിരവധി മാറ്റങ്ങൾ ബാഴ്‌സലോണയിൽ വരുത്താനുള്ള സാധ്യതയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മെസിയടക്കമുള്ള താരങ്ങളുടെ കരാർ പുതുക്കുകയെന്നതും പുതിയ പരിശീലകനെ കണ്ടെത്തുകയെന്നതുമാണ്. നിലവിലെ പരിശീലകനായ റൊണാൾഡ് കൂമാൻ ഈ സീസണിൽ കിരീടങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടാൽ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാകുമെന്നിരിക്കെ പുതിയ പരിശീലകരെ പ്രസിഡന്റ് സ്ഥാനാർത്ഥികൾ കരുതി വെക്കുന്നുണ്ട്.

നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണ പ്രസിഡന്റ് മത്സരാർത്ഥിയായ ലപോർട്ട പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിലൊന്ന് ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർടെട്ടയാണ്. പെപ് ഗ്വാർഡിയോളയെ പരിശീലകനാക്കി ബാഴ്‌സലോണക്ക് ചരിത്രനേട്ടങ്ങൾ സമ്മാനിച്ച ലപോർട്ട, മാഞ്ചസ്റ്റർ സിറ്റിയിൽ പെപ്പിന്റെ സഹപരിശീലകനായിരുന്ന അർടെട്ടയെ ടീമിലെത്തിക്കുന്നതിലൂടെ അതേ നേട്ടങ്ങൾ ആവർത്തിക്കാമെന്നു തന്നെയാണ് കരുതുന്നത്.

എന്നാൽ ലപോർട്ടയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം അർടെട്ടയല്ലെന്നും കാറ്റാലൻ റേഡിയോയെ അധികരിച്ച് ഇംഗ്ലീഷ് മാധ്യമമായ ദി മിറർ റിപ്പോർട്ടു ചെയ്തു. മുൻ നായകനായ സാവിയെയാണ് പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നതെന്നും എന്നാൽ സാവി വരാൻ തയ്യാറായില്ലെങ്കിൽ പകരക്കാരനായി മുൻ ലാ മാസിയ താരത്തെ എത്തിക്കാമെന്നുമാണ് ലപോർട്ട കണക്കുകൂട്ടുന്നത്.

കഴിഞ്ഞ സീസണിനിടയിൽ ആഴ്‌സനലിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത അർടെട്ട മിഡ് ടേബിളിൽ കിടന്നിരുന്ന ടീമിന് എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് കിരീടങ്ങൾ സ്വന്തമാക്കി നൽകിയിരുന്നു. എന്നാൽ ഈ സീസണിൽ ആ ഫോമിന്റെ തുടർച്ച സൃഷ്ടിക്കാൻ പരാജയപ്പെട്ട ആഴ്‌സണൽ സമ്മിശ്രമായ പ്രകടനങ്ങളോടെ ലീഗിൽ പത്താം സ്ഥാനത്താണ്.

facebooktwitterreddit