റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന വിമർശനം, താരത്തിന് പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന വിമർശനങ്ങളിൽ, പോർച്ചുഗീസ് താരത്തിന് പിന്തുണയുമായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മിഖയേല്‍ സില്‍വസ്‌ട്രെ. അടുത്തിടെയായി റൊണാള്‍ഡോക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോര്‍ച്ചുഗീസ് താരത്തിന് പിന്തുണയുമായി യുണൈറ്റഡിന്റെ മുന്‍താരമായിരുന്ന സില്‍വസ്‌ട്രെ രംഗത്തെത്തിയിരിക്കുന്നത്.
ഡെയിലി മിററിന് നല്‍കിയ അഭിമുഖത്തിലാണ് സില്‍വസ്‌ട്രെ ക്രിസ്റ്റ്യാനോക്ക് പിന്തുണ അറിയിച്ച് സംസാരിച്ചത്. ക്രിസ്റ്റ്യാനോക്കെതിരേയുള്ള പ്രതികരണങ്ങള്‍ തീര്‍ത്തും മോശമാണെന്ന് പറഞ്ഞ സില്‍വസ്‌ട്രെ, സീസണില്‍ താരം നേടിയ ഗോളുകളുടെയും അസിസ്റ്റിന്റെയും കണക്കുകള്‍ നിരത്താനും മറന്നില്ല.
''സീസണിന്റെ തുടക്കം മുതല്‍ നേടിയ ഗോളുകളുടെയും ഉണ്ടാക്കിയ അവസരങ്ങളുടെയും അനുപാതം നോക്കൂ. ട്രോഫികള്‍ നേടാന്‍ അവന്‍ ആഗ്രഹിക്കുന്നു. വിരമിക്കലിന് മുന്‍പ് വിശ്രമിക്കാനല്ല അദ്ദേഹം യുണൈറ്റഡിലേക്ക് വന്നത്. അദ്ദേഹം മുന്‍പ് നേരിട്ടതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. അദ്ദേഹം ചെയ്യുന്നതെല്ലാം പോസിറ്റീവാണ്,'' സില്‍വസ്‌ട്രെ പറഞ്ഞു.
നേരത്തെ, മുന്‍ ഇംഗ്ലീഷ് ഫുട്ബോൾ താരവും ടെലിവിഷൻ പണ്ഡിറ്റുമായ പോള്‍ മേഴ്‌സണ്‍ റൊണാള്‍ഡോക്കെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാങ്‌നിക്ക് റൊണാൾഡോയെ ലൈനപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന തരത്തിലുള്ള പ്രതികരണമായിരുന്നു മേഴ്‌സണ്‍ നടത്തിയത്. ഇതിനെ തുടര്‍ന്നായിരുന്നു സില്‍വസ്‌ട്രെ റൊണാൾഡോക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
അതേ സമയം, 2021ല്‍ തന്റെ 36ാം വയസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ ചുവന്ന ചെകുത്താന്‍മാര്‍ക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിലിത് വരെ 21 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ താരം യുണൈറ്റഡിനായി നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.