ഹാലൻഡ് ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന് താരത്തിന്റെ ആരാധനാപാത്രം മിച്ചു

FC St Pauli v Borussia Dortmund - DFB Cup: Round of Sixteen
FC St Pauli v Borussia Dortmund - DFB Cup: Round of Sixteen / Stuart Franklin/GettyImages
facebooktwitterreddit

എർലിങ് ഹാലൻഡ് ഈ സീസണു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്ന് ബൊറൂസിയ ഡോർട്മുണ്ട് താരത്തിന്റെ ആരാധനാപാത്രങ്ങളിൽ ഒരാളായ മുൻ സ്‌പാനിഷ്‌ താരം മിച്ചു. ഈ സീസൺ അവസാനിക്കുന്നതോടെ താരത്തിന്റെ റിലീസിംഗ് ക്ളോസ് നിലവിൽ വരുമെന്ന സൂചനയും മുൻ സെൽറ്റ വീഗൊ, സ്വാൻസി സിറ്റി താരം നൽകി.

യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ഹാലൻഡ് അടുത്ത സമ്മറിൽ ഡോർട്മുണ്ടിൽ തുടരാൻ സാധ്യത ഇല്ലെന്നിരിക്കെ താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട താരത്തിലുള്ള താൽപര്യം നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് മിച്ചു ഹാലൻഡ് കാറ്റലൻ ക്ലബിലെത്തുമെന്ന സൂചനകൾ നൽകിയത്.

"ഞാൻ ഹാലൻഡിനൊപ്പം ഉണ്ടായിരുന്നു. ഹാലൻഡുമായി ഞാൻ സംസാരിച്ചതിൽ നിന്നും ബൊറൂസിയ ഡോർട്മുണ്ടിൽ തുടരാൻ താരത്തിനു താത്പര്യമില്ലെന്നാണ് മനസിലായത്. ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി പൊരുതാൻ കഴിയുന്ന കരുത്തുറ്റ ടീമിനെയാണ് ഹാലൻഡ് നോക്കുന്നത്. മത്സരിക്കാൻ കഴിവുള്ള ഒരു ടീമിനെ." ഒരു സ്‌പാനിഷ്‌ ടിവി പ്രോഗ്രാമിൽ മിച്ചു പറഞ്ഞു.

"വളരെ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു സ്പോർട്ടിങ് പ്രോജക്റ്റ് ആണു താരം ലക്ഷ്യമിടുന്നതെന്നാണ് എനിക്കു തോന്നിയത്. സ്പെയിൻ ഇഷ്ടമാണെന്നും ഹാലൻഡ് പറഞ്ഞിരുന്നു. സാമ്പത്തിക വശങ്ങളെക്കാൾ സ്പോർട്ടിങ് പ്രോജെക്റ്റിനെ കുറിച്ചാണ് താരം ചിന്തിക്കുന്നത്. എംബാപ്പെ റയൽ മാഡ്രിഡിൽ എത്തിയാൽ ബാഴ്‌സ ഒരു നല്ല തിരഞ്ഞെടുപ്പാണ്. ഈ സമയത്ത് ഹാലൻഡ് വളരെ ലാഭകരമായ ഒരു ട്രാൻസ്ഫറാണ്." മിച്ചു വ്യക്തമാക്കി.

ഹാലൻഡിനെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് ബാഴ്‌സലോണ മുന്നോട്ടു പോകുന്നതെങ്കിലും അതിനായി നിലവിലെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കേണ്ടത് അവർക്കു നിർബന്ധമാണ്. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബുകൾ പിന്നാലെയുള്ള താരത്തെ അത്ര എളുപ്പത്തിൽ സ്വന്തമാക്കാനും അവർക്കു കഴിഞ്ഞേക്കില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.