Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രെസ്സ് ചെയ്യാൻ കഴിയില്ലെന്ന വിമർശനങ്ങളെ തള്ളിക്കളഞ്ഞ് മൈക്കൽ കാരിക്ക്

Sreejith N
Villarreal v Manchester United - UEFA Champions League
Villarreal v Manchester United - UEFA Champions League / Soccrates Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരാളികളെ വളരെയധികം പ്രെസ്സ് ചെയ്‌തു കളിക്കാൻ കഴിയില്ലെന്ന വിമർശനങ്ങൾ വെറും കെട്ടുകഥ മാത്രമാണെന്ന് ക്ലബിന്റെ താൽക്കാലിക പരിശീലകനായ മൈക്കൽ കാരിക്ക്. താരത്തിനെതിരെ ഇതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നു വ്യക്തമാക്കിയ കാരിക്ക്, റൊണാൾഡോ ഇനിയും ഒരുപാട് ഗോളുകൾ നേടുമെന്നും വ്യക്തമാക്കി.

ബോൾ കൈവശമില്ലാത്ത സമയത്ത് എതിരാളികളെ നിരന്തരം പ്രെസ്സ് ചെയ്‌ത്‌ പോസെഷൻ നേടിയെടുക്കാൻ റൊണാൾഡോ ശ്രമിക്കുന്നില്ലെന്ന വിമർശനം നേരെ നേരത്തെ ഉണ്ടായിരുന്നു. റാൾഫ് റാങ്നിക്കിനെ പോലെ വളരെ തീവ്രതയേറിയ ശൈലിയിൽ ടീമിനെ കളിപ്പിക്കുന്ന ഒരു പരിശീലകന്റെ ടീമിൽ ഇക്കാരണം കൊണ്ടു തന്നെ റൊണാൾഡോ സ്ഥിരസാന്നിധ്യമാവില്ലെന്ന അഭിപ്രായവും ഉയർന്നിരുന്നു.

കണക്കുകൾ പ്രകാരം റൊണാൾഡോ എതിരാളികൾക്കു മേൽ പന്തിനു വേണ്ടി സമ്മർദ്ദം ചെലുത്തുന്നത് കുറവാണെങ്കിലും കാരിക്ക് താരത്തിന്റെ കാര്യത്തിൽ വളരെ ആത്മവിശ്വാസം പ്രകടിപ്പിച്ചാണു സംസാരിച്ചത്. ജർമൻ പരിശീലകൻ ടീമിൽ നടപ്പിലാക്കാൻ പോകുന്ന ശൈലിയിൽ റൊണാൾഡോക്കും ഇടമുണ്ടാകുമെന്നും താരം ഗോളുകൾ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

"അതൊരു കെട്ടുകഥ മാത്രമാണ്. അതങ്ങനെ തന്നെ ആയിരിക്കാം. കഴിഞ്ഞ വർഷങ്ങളിൽ നിരവധി ടീമുകൾക്ക് കീഴിൽ പല ശൈലിയിൽ കളിച്ച താരം ഒരുപാട് ഗോളുകൾ ആ ടീമുകൾക്കു വേണ്ടിയെല്ലാം നേടിയിരുന്നു. എനിക്കുറപ്പാണ് താരം വീണ്ടും ഗോളുകൾ നേടുമെന്ന്, അക്കാര്യത്തിൽ യാതൊരു സംശയവും ഇല്ല," കാരിക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ആഴ്‌സണലിനെതിരെ ലീഗ് മത്സരത്തിൽ പുതിയ പരിശീലകനായ റാങ്നിക്ക് ടീമിനെ നയിക്കില്ലെന്നും കാരിക്ക് തന്നെയാവും ഡഗ്ഔട്ടിൽ ഉണ്ടാവുകയെന്നുമാണ് റിപ്പോർട്ടുകൾ. കാരിക്ക് പരിശീലകനായ മത്സരത്തിൽ ചെൽസിക്കെതിരെ സമനില നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം തന്നെയാണ് ആഴ്‌സണലിനെതിരെ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit