Football in Malayalam

ആഴ്‌സണലിനെതിരായ വിജയത്തിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മൈക്കൽ കാരിക്ക്

Sreejith N
Villarreal CF v Manchester United: Group F - UEFA Champions League
Villarreal CF v Manchester United: Group F - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ആഴ്‌സണലിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കിയതിനു പിന്നാലെ ക്ലബ് വിട്ട് താൽക്കാലിക പരിശീലകനായിരുന്ന മൈക്കൽ കാരിക്ക്. താൽക്കാലിക പരിശീലകസ്ഥാനത്തു നിന്നും ക്ലബിൽ നിന്നും താരം പടിയിറങ്ങുകയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒലെ ഗുണ്ണാർ സോൾഷെയർ പുറത്താക്കപ്പെട്ടതിനു ശേഷം ക്ലബിന്റെ താൽക്കാലിക പരിശീലകനായ മൈക്കൽ കാരിക്ക് മൂന്നു മത്സരങ്ങളിലാണ് ടീമിനെ നയിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ രണ്ടു വിജയവും ഒരു സമനിലയുമെന്ന മികച്ച റെക്കോർഡാണ് അദ്ദേഹത്തിനുള്ളത്. ക്ലബിന്റെ പ്രതിസന്ധി ഘട്ടത്തിൽ നിർണായ മത്സരങ്ങളിലാണ് കാരിക്ക് ഈ ഫലം ഉണ്ടാക്കിയെടുത്തത്.

എന്നാൽ റാൾഫ് റാങ്നിക്ക് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ ക്ലബിനൊപ്പം തുടരുന്നില്ലെന്ന് കാരിക്ക് തീരുമാനിക്കുകയായിരുന്നു. അടുത്ത മത്സരം മുതൽ ടീമിനെ നയിക്കുന്ന ജർമൻ മാനേജറെ ഈ സീസണിന്റെ അവസാനം വരെ താൽക്കാലിക കോച്ചായാണ് നിയമിച്ചിരിക്കുന്നത്. അതിനു ശേഷം ടീമിന്റെ ഉപദേശകസ്ഥാനവും മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

പതിനഞ്ചു വർഷമായി ക്ലബിനൊപ്പം തുടരുന്ന താൻ ഈ വർഷങ്ങൾ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമായാണ് കരുതുന്നതെന്ന് മൈക്കൽ കാരിക്ക് പറഞ്ഞു. ക്ലബിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങൾ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞ അദ്ദേഹം ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായി തുടരുമെന്നും അറിയിച്ചു. പുതിയ പരിശീലകനായ റാങ്നിക്കിന് എല്ലാവിധ ആശംസകളും അദ്ദേഹം നേരുകയും ചെയ്‌തു.

2006ൽ ടോട്ടനത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ മൈക്കൽ കാരിക്ക് കളിക്കാരനെന്ന നിലയിൽ ക്ലബിനൊപ്പം തന്നെ കരിയർ അവസാനിപ്പിച്ച് 2018ലാണ് ടീം സ്റ്റാഫായി ചുമതല ഏറ്റെടുക്കുന്നത്. ഫെർഗുസൺ, ഡേവിഡ് മോയെസ്, വാൻ ഗാൽ, മൗറിന്യോ, സോൾഷെയർ എന്നീ പരിശീലകർക്കു കീഴിൽ ഉണ്ടായിരുന്ന കാരിക്ക് ഏതെങ്കിലും ഒരു ടീമിന്റെ മാനേജരായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

facebooktwitterreddit