ലിവർപൂളിന്‌ പ്രീമിയർ ലീഗ് നേടിക്കൊടുക്കാൻ ജെറാർഡിന്റെ സഹായമുണ്ടായേക്കില്ലെന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി താരം

Micah Richard Says Gerrard Prefer Man City Win Premier League
Micah Richard Says Gerrard Prefer Man City Win Premier League / Ryan Pierse/GettyImages
facebooktwitterreddit

ലിവർപൂൾ പ്രീമിയർ ലീഗ് നേടണമെന്നാകും സ്റ്റീവൻ ജെറാർഡ് ആഗ്രഹിക്കുകയെങ്കിലും അതിനായി അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ആസ്റ്റൺ വില്ല ശ്രമിച്ചേക്കില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരം മികാ റിച്ചാർഡ്‌സ്. ജാക്ക് ഗ്രീലീഷ് ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ടു മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും തമ്മിൽ നിലനിൽക്കുന്ന ഉടമ്പടി പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

നിലവിൽ ലിവർപൂളിനെക്കാൾ ഒരു പോയിന്റ് മുന്നിൽ നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെയാണ് നേരിടേണ്ടത്. ജെറാർഡ് ലിവർപൂളിന്റെ ഇതിഹാസമായതിനാൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിക്കാൻ ആസ്റ്റൺ വില്ല എല്ലാം നൽകി പൊരുതുമെന്ന വിലയിരുത്തലുകൾക്കിടെയാണ് മെകാ വ്യത്യസ്‌തമായ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

"സ്റ്റീവൻ ജെറാർഡിന് ലിവർപൂൾ കിരീടം നേടണമെന്നു തന്നെയാകും ആഗ്രഹം. പക്ഷെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് വിജയിച്ചാൽ ജാക്ക് ഗ്രീലിഷ് ട്രാൻസ്‌ഫറിലെ ഉടമ്പടി പ്രകാരം 15 മില്യൺ പൗണ്ട് കൂടി ആസ്റ്റൺ വില്ലക്ക് നൽകണമെന്ന ഉടമ്പടി നിലനിൽക്കുന്നുണ്ട്. പണമാണ് ഏറ്റവും പ്രധാനം." ടോക്ക്സ്പോർട്ടിനോട് സംസാരിക്കുമ്പോൾ റിച്ചാർഡ്‌സ് പറഞ്ഞു.

അവസാനത്തെ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെ നേരിടുമ്പോൾ ലിവർപൂൾ വോൾവ്‌സിനെതിരെ ഇറങ്ങും. പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിനു പുറമെ ടോപ് ഫോറിനായും ലീഗിൽ വമ്പൻ മത്സരം നടക്കുന്നുണ്ട്. രണ്ടു പോയിന്റ് വ്യത്യാസത്തിൽ നാലും അഞ്ചു സ്ഥാനങ്ങളിൽ നിൽക്കുന്ന ടോട്ടനത്തിനും ആഴ്‌സണലിനും അവസാന മത്സരം നിർണായകമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.