മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരത്തിന് പ്രീമിയർ ലീഗുമായി യോജിച്ചു പോകാനാവില്ല, താരം തുടരില്ലെന്ന് മ്യൂളസ്റ്റീൻ


പ്രീമിയർ ലീഗിന്റെ ശൈലിയുമായി യോജിച്ചു പോകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം പോൾ പോഗ്ബക്കു കഴിയുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് ക്ലബിന്റെ മുൻ പരിശീലകനും മുൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജറുമായ റെനെ മ്യൂളസ്റ്റീൻ. ഈ സീസണോടെ കരാർ അവസാനിക്കുന്ന പോഗ്ബ അടുത്ത സീസണിൽ ക്ലബിനൊപ്പം തുടരാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2016ലാണ് യുവന്റസിൽ നിന്നും അക്കാലത്തെ റെക്കോർഡ് ട്രാൻസ്ഫർ ഫീസ് നൽകി പോൾ പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. എന്നാൽ തന്റെ മികവിനെ പൂർണമായും മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകാൻ പോഗ്ബക്ക് കഴിഞ്ഞിട്ടില്ലെന്നതിൽ സംശയമില്ല. ഈ സീസണിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പതറുന്നതിനിടയിലാണ് റെനെ പോഗ്ബക്ക് പ്രീമിയർ ലീഗുമായി ഇണങ്ങിച്ചേരാൻ കഴിയുന്നില്ലെന്ന സംശയം പ്രകടിപ്പിച്ചത്.
Former Manchester United coach Rene Meulensteen questions Paul Pogba's suitability to the Premier League https://t.co/hhqFy7WHPg
— MailOnline Sport (@MailSport) April 10, 2022
"പരാജയം ഒരു വലിയ വാക്കാണ്. പക്ഷെ പോഗ്ബ തന്റെ മേലുള്ള പ്രതീക്ഷകളെ നിറവേറ്റിയോ? എനിക്കങ്ങനെ തോന്നുന്നില്ല. തന്റെ തിരിച്ചു വരവിലുണ്ടായിരുന്ന പ്രതീക്ഷകളെ കുറിച്ച് താരത്തിന് അറിയാം, ചാമ്പ്യൻസ് ലീഗിനും പ്രീമിയർ ലീഗിനുമായി പൊരുതുക എന്നത്. താരത്തിന് ചുറ്റുമുണ്ടായിരുന്ന സിസ്റ്റവും താരങ്ങളും ഒന്നും ക്ലിക്കായില്ല. പ്രീമിയർ ലീഗിന് പോഗ്ബ അനുയോജ്യനാണോ?" സ്റ്റേഡിയം ആസ്ട്രോയോട് സംസാരിക്കേ റെനെ പറഞ്ഞു.
പോഗ്ബയുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ അസ്വസ്ഥത ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള ആത്മാർത്ഥ തെളിയിക്കുന്ന വാക്കുകൾ താരത്തിൽ നിന്നും വന്നിട്ടില്ല എന്നതാണെന്നും റെനെ കൂട്ടിച്ചേർത്തു. ക്ലബിനൊപ്പം തുടരുമെന്നും കിരീടങ്ങൾക്കായി പൊരുതുമെന്നും പറയാൻ പോഗ്ബ തയ്യാറാവുന്നില്ലെന്നും എല്ലായിപ്പോഴും താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താരം വന്നതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ ട്രാക്കിലൂടെ പോകുമെന്നു കരുതിയെന്നും എന്നാൽ അത് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും റെനെ മ്യൂളസ്റ്റീൻ പറയുന്നു. ഈ സീസണു ശേഷം പോഗ്ബ ക്ലബ് വിടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.