സ്നേഹിക്കപ്പെടണമെങ്കിൽ മര്യാദയുള്ള പെരുമാറ്റവും വേണം, എംബാപ്പക്കു മുന്നറിയിപ്പു നൽകി മെറ്റ്സ് പരിശീലകൻ


ഫ്രഞ്ച് ലീഗിൽ ഇന്നലെ പിഎസ്ജിയും മെറ്റ്സും തമ്മിൽ നടന്ന മത്സരത്തിലുണ്ടായ സംഭവവികാസങ്ങൾക്കു പിന്നാലെ ഫ്രഞ്ച് മുന്നേറ്റനിര താരം കെയ്ലിൻ എംബാപ്പക്കു മുന്നറിയിപ്പു നൽകി മെറ്റ്സ് പരിശീലകൻ ഫ്രഡറിക് അന്റോനെറ്റി. മറ്റുള്ളവരാൽ സ്നേഹിക്കപ്പെടണം എന്നുണ്ടെങ്കിൽ മര്യാദയുള്ള പെരുമാറ്റവും വേണമെന്നാണ് അന്റോനെറ്റി മത്സരത്തിനു ശേഷം പറഞ്ഞത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അഷ്റഫ് ഹക്കിമി നേടിയ വിജയഗോളിനു പിന്നാലെയാണ് പ്രശ്നങ്ങൾ ഉണ്ടായത്. മറ്റു പിഎസ്ജി താരങ്ങളെല്ലാം ഹക്കിമിയെ അഭിനന്ദിക്കാൻ ഓടിയപ്പോൾ എംബാപ്പെ വീണു കിടന്നിരുന്ന മെറ്റ്സ് ഗോൾകീപ്പർ അലക്സാണ്ടറെ ഔകിഡ്ജയെ പ്രകോപിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിനു ശേഷമാണ് ഗോളാഘോഷത്തിനൊപ്പം ചേർന്നത്.
Kylian Mbappe told to be "more humble" after bad-tempered PSG clashhttps://t.co/ZzorkNUOfR pic.twitter.com/sffdAn0Us3
— Mirror Football (@MirrorFootball) September 23, 2021
എംബാപ്പയുടെ പെരുമാറ്റത്തിൽ പ്രകോപിതനായ മെറ്റ്സ് ഗോൾകീപ്പർ ഫ്രഞ്ച് താരത്തിനു പിന്നാലെ ഓടി പിഎസ്ജി താരങ്ങളുടെ ഗോളാഘോഷത്തിന്റെ ഇടയിൽ കയറി സംഘർഷം സൃഷ്ടിച്ചതോടെ മറ്റു താരങ്ങളും അതിലിടപെട്ട് സംഭവം വലുതായി. എന്നാൽ മറ്റു താരങ്ങളുടെ ഇടപെടൽ കൊണ്ട് വലിയൊരു സംഘർഷമായി അതു മാറിയില്ല.
മത്സരത്തിനു ശേഷം എംബാപ്പയുടെ പെരുമാറ്റത്തെക്കുറിച്ച് അന്റോനെറ്റിയുടെ വാക്കുകൾ ഇങ്ങിനെയായിരുന്നു. "സ്നേഹിക്കപ്പെടണം എന്നുണ്ടെങ്കിൽ എംബാപ്പെ തന്റെ പെരുമാറ്റവും മെച്ചപ്പെടുത്തണം. വളരെ കരുത്തനായ ആ കളിക്കാരനെ ഞാൻ ഇഷ്ടപ്പെടുന്നു. പക്ഷെ, കുറച്ചു കൂടി എളിമയുണ്ടെങ്കിൽ അത് താരത്തിന് ഗുണം ചെയ്യും."
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വാക്കേറ്റം നടത്തിയതിന് അന്റോനെറ്റിക്ക് ചുവപ്പു കാർഡ് ലഭിച്ചിരുന്നു. അഞ്ചാം മിനുട്ടിലും തൊണ്ണൂറ്റിയഞ്ചാം മിനുട്ടിലും ഹക്കിമി പിഎസ്ജിയുടെ ഗോളുകൾ നേടിയപ്പോൾ ബൗബക്കർ കൗയാട്ടെയാണ് മെറ്റ്സിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്.