Football in Malayalam

കുട്ടികൾ വളരുന്നത് ലോകകപ്പും, ചാമ്പ്യൻസ് ലീഗും ജയിക്കുന്നത് സ്വപ്നം കണ്ട്; യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ മെസൂട് ഓസിൽ

Gokul Manthara
FBL-TUR-SUPERL-FENERBAHCE-GALATASARAY
FBL-TUR-SUPERL-FENERBAHCE-GALATASARAY / KENAN ASYALI/Getty Images
facebooktwitterreddit

ലോക ഫുട്ബോളിലെ 12 വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ യൂറോപ്യൻ സൂപ്പർ ലീഗെന്ന പുതിയ ലീഗ് ആരംഭിക്കാൻ പോവുകയാണെന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി പുറത്ത് വന്നത്. റയൽ മാഡ്രിഡിന്റെ പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ 6 പ്രീമിയർ ലീഗ് ക്ലബ്ബുകളും, ലാ ലീഗയിൽ നിന്നും സീരി എ യിൽ നിന്നുമുള്ള 3 ക്ലബ്ബുകൾ വീതവും പങ്കെടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ഈ ലീഗിനെതിരെ കടുത്ത വിമർശനങ്ങളാണ് ഫുട്ബോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നിരിക്കുന്നത്. ഇതിഹാസ താരങ്ങളടക്കമുള്ള പലരും യൂറോപ്യൻ സൂപ്പർ ലീഗിനെതിരെ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ജർമൻ ഇതിഹാസ താരങ്ങളിലൊരാളായ മെസൂട് ഓസിലിനും, സൂപ്പർ ലീഗെന്ന ആശയത്തോട് പൊരുത്തപ്പെടാനാവുന്നില്ല. ഇന്ന് തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുതിയ ലീഗിനെതിരെയുള്ള തന്റെ അതൃപ്തി അദ്ദേഹം വ്യക്തമാക്കി.

"കുട്ടികൾ വളരുന്നത് ലോകകപ്പും, ചാമ്പ്യൻസ് ലീഗും നേടുന്നത് സ്വപ്നം കണ്ടു‌ കൊണ്ടാണ്, മറിച്ച് സൂപ്പർ ലീഗ് കണ്ടു കൊണ്ടല്ല. ആഴ്ച തോറും നടക്കുന്നതല്ലെന്നും, വർഷത്തിൽ ഒന്നോ, രണ്ടോ തവണ മാത്രം നടക്കുന്നു എന്നതുമാണ് വലിയ മത്സരങ്ങളുടെ ആസ്വാദ്യത. ഇവിടെയുള്ള എല്ലാ ഫുട്ബോൾ പ്രേമികൾക്കും ഇത് [യൂറോപ്യൻ സൂപ്പർ ലീഗ് സംഘടിപ്പിക്കാനുള്ള തീരുമാനം] മനസിലാക്കുക വളരെ ബുദ്ധിമുട്ടാണ്," ഓസിൽ കുറിച്ചു.

അതേ സമയം പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടൻഹാം ഹോട്സ്പർ, ആഴ്സനൽ, ലിവർപൂൾ ലാലീഗയിൽ നിന്ന് റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, സീരി എ യിൽ നിന്ന് യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ എന്നിവരാണ് സൂപ്പർ ലീഗിൽ കളിക്കുന്നതിനോട് പച്ചക്കൊടി‌ വീശിയിരിക്കുന്നത്. എ‌ന്നാൽ ജർമൻ, ഫ്രഞ്ച് ലീഗിൽ നിന്നുള്ള ക്ലബ്ബുകൾ യൂറോപ്യൻ സൂപ്പർ ലീഗിൽ ഇതു വരെ ചേർന്നിട്ടില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit