Football in Malayalam

മെസി യുറുഗ്വായ് ടീമിനൊപ്പമായിരുന്നെങ്കിൽ തുടർച്ചയായി രണ്ടു ലോകകപ്പ് നേടുമായിരുന്നുവെന്ന് മുൻ യുറുഗ്വായ് നായകൻ

Sreejith N
Argentina's Lionel Messi (C) controls th
Argentina's Lionel Messi (C) controls th / AFP/Getty Images
facebooktwitterreddit

അർജന്റീനക്കു പകരം യുറുഗ്വായിലാണ് ലയണൽ മെസി ജനിച്ചിരുന്നതെങ്കിൽ തുടർച്ചയായി രണ്ടു ലോകകപ്പുകൾ താരം നേടുമായിരുന്നുവെന്ന് യുറുഗ്വായ് ടീമിന്റെ മുൻ നായകൻ ഡീഗോ ലുഗാനോ. നാല് ലോകകപ്പുകൾ അർജന്റീനക്കൊപ്പം കളിച്ച മെസിക്ക് ഇതുവരെയും ലോകകിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ ഫൈനലിലും രണ്ടു തവണ ക്വാർട്ടർ ഫൈനലിലും കഴിഞ്ഞ ലോകകപ്പിൽ പ്രീ ക്വാർട്ടറിലും അർജന്റീനക്ക് കാലിടറിയത് മെസിയുടെ ലോകകപ്പ് സ്വപ്നങ്ങളെ കൂടി ഇല്ലാതാക്കിയായിരുന്നു.

എന്നാൽ വളരെയധികം കഠിനാദ്ധ്വാനം ചെയ്യുന്ന, ആത്മാർത്ഥതയുള്ള യുറുഗ്വായ് താരങ്ങൾ മെസിക്ക് പിന്നിൽ അണിനിരന്നിരുന്നുവെങ്കിൽ താരം ലോകകിരീടം സ്വന്തമാക്കുമായിരുന്നു എന്നാണു ലുഗാനോ അടിവരയിട്ടു പറയുന്നത്. "മെസി 2010ലെ ലോകകപ്പിൽ യുറുഗ്വായ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നതെങ്കിൽ ഞങ്ങളത് വിജയിക്കുമായിരുന്നു." അർജന്റീനിയൻ തലസ്ഥാനമായ ബ്യുണസ് ഐറിസിലെ ടിഇഎ ജേർണലിസം സ്‌കൂളിലെ വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ ലുഗാനോ പറഞ്ഞു.

അതുപോലെ തന്നെ അതിനു ശേഷം 2014ൽ ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പിൽ മെസി യുറുഗ്വായ്‌ക്കൊപ്പം ഉണ്ടാവുകയും സുവാരസിന് സസ്‌പെൻഷൻ ലഭിക്കുകയും ചെയ്‌തില്ലായിരുന്നെങ്കിൽ ആ ലോകകപ്പും തങ്ങൾ സ്വന്തമാക്കിയേനെയെന്നാണ് ലുഗാനോ വിശ്വസിക്കുന്നത്. ബ്രസീലിയൻ ലോകകപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിനിടെ ഇറ്റാലിയൻ പ്രതിരോധതാരം കില്ലിനിയെ കടിച്ചതിനു സുവാരസിന് നാല് മാസം ഫുട്ബോളിൽ നിന്നും വിലക്കു ലഭിച്ചിരുന്നു.

സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും നടന്ന ലോകകപ്പുകളിൽ യുറുഗ്വായ് ടീമിന്റെ നായകനായിരുന്നു ലുഗാനോ. 2010ൽ സെമി ഫൈനൽ വരെയെത്തിയ യുറുഗ്വായ് നെതർലന്ഡ്സിനോട് തോറ്റാണ് പുറത്തായത്. അതേസമയം ബ്രസീലിയൻ ലോകകപ്പിൽ കില്ലിനിയെ കടിച്ചതിനു പ്രധാന താരമായ സുവാരസിനു സസ്‌പെൻഷൻ ലഭിച്ചതിനെ തുടർന്ന് പ്രീ ക്വാർട്ടറിൽ കൊളംബിയയോട് തോൽവി വഴങ്ങുകയായിരുന്നു യുറുഗ്വായ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി 90Min മലയാളത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യൂ.

facebooktwitterreddit