Football in Malayalam

എർലിങ് ഹാലൻഡിനെ ബാഴ്‌സലോണയിലെത്തിക്കാൻ പ്രതിഫലം വെട്ടിക്കുറക്കാൻ തയ്യാറായി ലയണൽ മെസി

Sreejith N
FC Barcelona v Granada CF - La Liga Santander
FC Barcelona v Granada CF - La Liga Santander / Eric Alonso/Getty Images
facebooktwitterreddit

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വളരെയധികം ഉത്കണ്ഠയുള്ള കാര്യമാണ് ലയണൽ മെസി ക്ലബിനൊപ്പം തുടരുമോ ഇല്ലയോ എന്നത്. ഈ സീസണോടെ ക്ലബുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന മെസിയെ സ്വന്തമാക്കാൻ പിഎസ്‌ജിയും മാഞ്ചസ്റ്റർ സിറ്റിയും പണമൊഴുക്കാൻ തയ്യാറാണെന്നിരിക്കെ സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്ന ബാഴ്‌സലോണക്ക് താരത്തെ നിലനിർത്താൻ എത്രത്തോളം കഴിയുമെന്നാണ് ആരാധകരുടെ സംശയം.

ബാഴ്‌സലോണയുമായി കരാർ പുതുക്കുന്നത് മെസിയുടെ പരിഗണനയിലുള്ള കാര്യം തന്നെയാണെന്നും എന്നാൽ ക്ലബിന്റെ ട്രാൻസ്‌ഫർ പദ്ധതികൾ അതിൽ നിർണായക സ്വാധീനം ചെലുത്തുമെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ കായികമാധ്യമമായ യൂറോസ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയുടെ ട്രാൻസ്‌ഫർ മാർക്കറ്റിലെ മികച്ച ഇടപെടലുകൾക്കായി സ്വന്തം പ്രതിഫലം കുറക്കാൻ വരെ താരം തയ്യാറാണ്.

അടുത്ത സമ്മറിൽ റൊണാൾഡ്‌ കൂമാൻ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ പ്രധാനി മെംഫിസ് ഡീപേയ് ആണെങ്കിലും എർലിങ് ഹാലാൻഡുമായി ട്രാൻസ്‌ഫർ ചർച്ചകൾ നടത്താൻ ബാഴ്‌സ ഒരുക്കമാണെന്ന് ലപോർട്ട മെസിയെ അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഹാലൻഡിനെ സ്വന്തമാക്കുകയാണെങ്കിൽ മെസിയുടെ നിലവിലുള്ള കരാർ പ്രകാരമുള്ള പ്രതിഫലം നൽകാൻ ബാഴ്‌സക്ക് കഴിയില്ല.

മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുന്നതിനേക്കാൾ ബാഴ്‌സലോണയിൽ തുടരാൻ തന്നെയാണ് മെസി താൽപര്യപ്പെടുന്നത്. എന്നാൽ അതിനു വേണ്ടി ക്ലബ് മികച്ച താരങ്ങളെ സ്വന്തമാക്കി നല്ലൊരു സ്പോർട്ടിങ് പ്രോജക്ടുമായി എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാനുള്ള കരുത്ത് നേടിയെടുക്കണം. ഹാലൻഡിനെ സ്വന്തമാക്കാൻ മെസി പ്രതിഫലം കുറക്കാൻ തയ്യാറാവുന്നതും ഡോർട്മുണ്ട് താരം ക്ലബ്ബിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നതു കൊണ്ടു തന്നെയാണ്.

അതേസമയം ഒരു വർഷം നാൽപതു മില്യൺ യൂറോയെന്ന മെസിയുടെ പ്രതിഫലം കുറച്ചാലും ഹാലൻഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് നിക്ഷേപകരെ ആശ്രയിക്കേണ്ടി വരും. മിനോ റയോളയുമായി മികച്ച ബന്ധമുള്ള ലപോർട്ട അതുപയോഗിച്ചും നോർവീജിയൻ താരത്തെ ബാഴ്‌സലോണയിലേക്ക് എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്.


facebooktwitterreddit