പുതിയ പരിശീലകനെത്തുമ്പോൾ മെസിയെ മറ്റൊരു പൊസിഷനിൽ കളിപ്പിക്കാൻ പിഎസ്‌ജി
By Sreejith N

വരുന്ന സീസണിൽ ലയണൽ മെസിയെ മറ്റൊരു പൊസിഷനിൽ കളിപ്പിക്കാൻ പിഎസ്‌ജി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൗറീസിയോ പോച്ചട്ടിനോ മാറി പുതിയ പരിശീലകൻ ക്ലബ്ബിലേക്ക് വരുന്നതിന്റെ ഭാഗമായാണ് ടീമിലെ പ്രധാന താരമായ മെസിയുടെ പൊസിഷനിൽ പിഎസ്‌ജി മാറ്റം വരുത്തുന്നത്.
ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിയെ കഴിഞ്ഞ സീസണിൽ വലതു വിങ്ങിലാണ് മൗറീസിയോ പോച്ചട്ടിനോ കളിപ്പിച്ചിരുന്നത്. 34 മത്സരങ്ങൾ ടീമിനു വേണ്ടി കളിച്ച താരം പതിനൊന്നു ഗോളുകളും പതിനഞ്ച് അസിസ്റ്റുകളും നേടിയെങ്കിലും മെസിയുടെ കരിയറിലെ മോശം സീസണുകളിൽ ഒന്നായിരുന്നു ഇക്കഴിഞ്ഞത്.
അതേസമയം ഫുട്മെർകാടോയുടെ റിപ്പോർട്ടുകൾ പ്രകാരം പുതിയ പരിശീലകൻ എത്തിയതിനു ശേഷം അടുത്ത സീസണിൽ മെസിയെ വലതു വിങ്ങിൽ നിന്നും മാറ്റി നമ്പർ 10 ആയി ഉപയോഗിക്കാനാണ് പിഎസ്‌ജി ഒരുങ്ങുന്നത്. പുതിയ പരിശീലകനായി വരുന്ന ക്രിസ്റ്റഫെ ഗാൾട്ടിയർ അവലംബിക്കാൻ പോകുന്ന 3-5-2 എന്ന ശൈലിയിലാണ് നമ്പർ 10 പൊസിഷനിൽ കളിക്കാൻ പോകുന്നത്.
കഴിഞ്ഞ സീസണിൽ ഒരു തവണ പോച്ചട്ടിനോ ഈ പൊസിഷൻ ഉപയോഗിച്ചിരുന്നു. ആങ്കെഴ്‌സുമായുള്ള ലീഗ് മത്സരത്തിൽ ഏഞ്ചൽ ഡി മരിയ, എംബാപ്പെ എന്നിവരെ മുൻനിരയിൽ കളിപ്പിച്ചപ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം പിഎസ്‌ജി നേടിയിരുന്നു. എന്നാൽ ആ മത്സരത്തിൽ ലയണൽ മെസി കളിച്ചിരുന്നില്ല.
കഴിഞ്ഞ സീസണിൽ മെസിയെ സംബന്ധിച്ചുണ്ടായിരുന്ന ഒരു പരിമിതി മൈതാനത്ത് അധികം സ്വാതന്ത്ര്യം ലഭിച്ചില്ല എന്നതു കൂടിയായിരുന്നു. എന്നാൽ ഈ പൊസിഷനിലേക്ക് മാറുന്നതോടെ അക്കാര്യം പരിഹരിക്കപ്പെടുമെന്നുറപ്പാണ്. കളിക്കളത്തിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ മെസിയുടെ പ്രകടവും മികച്ചതായി മാറും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.