Football in Malayalam

'ബാഴ്‌സലോണയുടെ പണം ദഹിപ്പിച്ചു കളഞ്ഞിരുന്ന തീച്ചൂളയാണ് മെസി' - വിമർശനവുമായി വെസ്റ്റ് ഹാം വൈസ് ചെയർമാൻ

Sreejith N
FBL-ESP-LIGA-BARCELONA-MESSI
FBL-ESP-LIGA-BARCELONA-MESSI / PAU BARRENA/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ തീർത്തും അപ്രതീക്ഷിതമായതുമായ സംഭവമാണ് ലയണൽ മെസി ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ അവസാനിച്ച താരത്തിന് പുതിയ കോൺട്രാക്‌ട് നൽകാൻ കഴിയില്ലെന്ന് ബാഴ്‌സലോണ അറിയിച്ചതോടെയാണ് മെസി ബാഴ്‌സലോണ വിട്ടത്.

മെസി ബാഴ്‌സലോണ വിട്ടത് ആരാധകർക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചതെങ്കിലും അതുകൊണ്ട് കാറ്റലൻ ക്ലബിന് ഗുണമുണ്ടാകുമെന്ന സൂചനകളാണ് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാമിന്റെ വൈസ് ചെയർമാനായ കാരെൻ ബ്രാഡി നൽകുന്നത്. ബാഴ്‌സലോണയുടെ പണത്തെ ദഹിപ്പിച്ചു കളയുന്ന താരമായിരുന്നു മെസിയെന്നും ക്ലബിന്റെ മുൻ പ്രസിഡന്റായ ബാർട്ടമോ ഉണ്ടാക്കി വെച്ച പ്രതിസന്ധിയാണ് പുതിയ പ്രസിഡന്റായ ലപോർട്ടയുടെ നാളുകൾ ദുഷ്‌കരമാക്കുന്നതെന്നും അവർ ദി സണിൽ എഴുതിയ കോളത്തിൽ വ്യക്തമാക്കി.

"ലയണൽ മെസി ചിലപ്പോൾ എക്കാലത്തെയും മികച്ച താരം ആയിരിക്കാം. എന്നാൽ ഒരു വർഷത്തേക്ക് 70 മില്യൺ യൂറോ നൽകേണ്ടി വരികയെന്നു പറഞ്ഞാൽ താരം പണം ദഹിപ്പിച്ചു കളയുന്ന ഒരു തീച്ചൂളയാണ്. തന്റെ ശമ്പളത്തിന്റെ പകുതി കുറച്ച് പുതിയ കരാർ ഒപ്പിടാൻ തയ്യാറായിട്ടു പോലും താരത്തിന് പാരീസിലേക്ക് പോകേണ്ടി വന്നു," കാരെൻ ബ്രാഡി കുറിച്ചു.

ഇപ്പോൾ ബാഴ്‌സയുടെ എല്ലാ മോശം അവസ്ഥക്കും കാരണമായ ആളെന്ന പേര് ലപോർട്ടക്കാണു വന്നിരിക്കുന്നതെന്നും എന്നാൽ യഥാർത്ഥത്തിൽ അതിന്റെ കാരണക്കാരൻ മുൻ പ്രസിഡന്റായ ബാർട്ടമോ ആണെന്നും ബ്രാഡി അഭിപ്രായപ്പെട്ടു. തങ്ങൾക്കു വേണ്ട താരങ്ങളെ പണം മുടക്കി ടീമിന്റെ ഭാഗമാക്കുക മാത്രം ചെയ്യുന്ന, അക്കാദമിയിൽ താരങ്ങളെ വളർത്തിയെടുക്കാത്ത പിഎസ്‌ജിയുടെ സമീപനത്തെയും അവർ വിമർശിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit