യൂറോപ്യൻ ഫുട്ബോളിൽ നിന്നും വിടപറയും മുൻപ് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി മെസിക്കു വേണം
By Sreejith N

ആരാധകരെ ഞെട്ടിച്ച ട്രാൻസ്‌ഫറിൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് സീസണിൽ കൂടുതൽ ഗോളുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ലീഗ് വണിൽ ഏറ്റവുമധികം അസിസ്റ്റ് നൽകിയ രണ്ടാമത്തെ കളിക്കാരനാണ് അർജന്റീന താരം. അടുത്ത സീസണിൽ പിഎസ്‌ജി കരാർ അവസാനിക്കുമെന്നിരിക്കെ മെസിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്.
വിവിധ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി കരാർ അവസാനിച്ചതിനു ശേഷം തന്റെ മുപ്പത്തിയഞ്ചാം വയസിൽ മെസി അമേരിക്കൻ ലീഗ് ക്ലബായ ഇന്റർ മിയാമിയിലേക്കു ചേക്കേറാനാണ് ഒരുങ്ങുന്നത്. ഈ സീസണിനപ്പുറം യൂറോപ്പിൽ താരം ഉണ്ടാകില്ലെന്നും ഇതു സൂചിപ്പിക്കുന്നു. എന്നാൽ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം മെസി ചിലപ്പോൾ അതിനു ശേഷവും യൂറോപ്പിൽ തുടർന്നേക്കാം.
യൂറോപ്യൻ ഫുട്ബോൾ മതിയാക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്ന ആഗ്രഹം മെസിക്കുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിഎസ്‌ജിക്കൊപ്പം അതു നേടാൻ കഴിഞ്ഞില്ലെങ്കിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മെസി ചേക്കേറാനുള്ള സാധ്യതകളും അവർ തള്ളുന്നില്ല. അതിനാൽ പിഎസ്‌ജി കരാർ അവസാനിച്ചതിനു ശേഷവും മെസി യൂറോപ്പിൽ തുടരാനുള്ള സാധ്യതയുണ്ട്.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ മെസിക്ക് നേടാൻ കഴിഞ്ഞെങ്കിലും ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ വിജയത്തിന്റെ അരികിൽ നിന്നും റയൽ മാഡ്രിഡിനോട് തോറ്റ് പുറത്താവുകയായിരുന്നു പിഎസ്‌ജി. ഇതിന്റെ ഭാഗമായി മെസി അടക്കമുള്ള പിഎസ്‌ജി താരങ്ങൾക്കെതിരെ ആരാധകർ പ്രതിഷേധം ഉയർത്തുകയും ചെയ്‌തിരുന്നു.
അതേസമയം മെസി വന്നതിന്റെ ഭാഗമായി മൈതാനത്തെ പ്രകടനം പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും പിഎസ്‌ജിയുടെ സ്‌പോൺസർഷിപ്പ് വരുമാനം മുന്നൂറു മില്യൺ യൂറോയായി ഉയർന്നിട്ടുണ്ടെന്നും ഇത് ക്ലബിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.