Football in Malayalam

പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിടാൻ തയ്യാറായി നെയ്‌മർ, പിന്തിരിപ്പിക്കാൻ ശ്രമിച്ച് മെസി

Sreejith N
FC Barcelona - Training & Press Conference
FC Barcelona - Training & Press Conference / David Ramos/Getty Images
facebooktwitterreddit

വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിട്ട് ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ നെയ്മറോട് ലയണൽ മെസി നിർദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. 2022ൽ നെയ്‌മറുടെ പിഎസ്‌ജി കരാർ അവസാനിക്കാനിരിക്കെ താരവുമായി കരാർ പുതുക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി സജീവമാക്കിയിട്ടുണ്ട്. അതല്ലെങ്കിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളായ നെയ്മറെ ഫ്രീ ട്രാൻസ്ഫറിൽ അടുത്ത സീസണിൽ നഷ്ടമാകും.

ഫ്രാൻസിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പ്രകാരം താരത്തിന് പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിടാൻ താൽപര്യമുണ്ട്. എന്നാൽ ബാഴ്‌സ നായകനായ മെസി പുതിയ കരാർ ഒപ്പിടുന്നതിൽ നിന്നും നെയ്മറെ പിന്തിരിപ്പിക്കാനും അടുത്ത സമ്മറിൽ കറ്റാലൻ ക്ലബ്ബിലേക്ക് തിരിച്ചെത്താനും നിർദ്ദേശിക്കുന്നുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമമായ എൽ' എകിപ്പ് പുറത്തു വിടുന്നത്.

2017ൽ ഏറെ വിവാദമുയർത്തിയ ട്രാൻസ്ഫറിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറെ തിരിച്ചെത്തിക്കാൻ പല തവണ ബാഴ്‌സലോണ ശ്രമിച്ചിരുന്നു. കറ്റാലൻ ക്ലബ്ബിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം നെയ്‌മറും പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ നെയ്മർക്ക് വേണ്ടി പിഎസ്‌ജി ആവശ്യപ്പെട്ട തുക നൽകാൻ ബാഴ്‌സക്ക് കഴിഞ്ഞില്ലെന്നതു കൊണ്ട് ട്രാൻസ്ഫർ നടക്കാതിരിക്കുകയായിരുന്നു.

നേരത്തെ കോവിഡ് മഹാമാരി മൂലം പ്രതിഫലം കുറക്കാൻ തയ്യാറാവണമെന്ന ആവശ്യം പിഎസ്‌ജി അറിയിച്ചതിനെ തുടർന്ന് നെയ്‌മർ കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തി വളർച്ചയുടെ പാതയിലുള്ള പിഎസ്‌ജിയിൽ തുടരാനാണ് താരത്തിന് ഇപ്പോൾ താല്പര്യമെന്നാണ് പ്രമുഖ ട്രാൻസ്ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനൊ വെളിപ്പെടുത്തുന്നത്.

അതേസമയം സുവാരസ് ബാഴ്‌സ വിട്ടതോടെ കളിക്കളത്തിൽ മികച്ചൊരു കൂട്ടാളിയുടെ അഭാവം നേരിടുന്ന മെസി നെയ്മറെ തിരിച്ചു കൊണ്ടുവരാൻ കഴിവിന്റെ പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് ഫ്രഞ്ച് മാധ്യമം വ്യക്തമാക്കുന്നു. മെസി ബാഴ്‌സലോണയുമായി പുതിയ കരാർ ഒപ്പിടാനുള്ള സാധ്യതകൾ വർധിച്ചുവെന്ന് ഇതിൽ നിന്നും മനസിലാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.


facebooktwitterreddit