Football in Malayalam

ഒഴിവുകാലം തുടർന്ന് മെസി, പുതിയ കരാർ ഒപ്പിടാതെ ബാഴ്‌സക്കൊപ്പം താരം പരിശീലനം നടത്തില്ല

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

അർജന്റീനിയൻ നായകനായ ലയണൽ മെസി തിങ്കളാഴ്‌ച ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരം ഒഴിവുദിവസങ്ങളിൽ തന്നെ തുടരുമെന്ന് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാഴ്‌സലോണയുമായി പുതിയ കരാർ ഒപ്പിട്ടാൽ മാത്രമേ മെസി പരിശീലനം ആരംഭിക്കൂവെന്നും താരത്തിന് ഒറ്റക്ക് പരിശീലകനം നടത്താൻ സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് ബാഴ്‌സലോണ നേതൃത്വവും ചിന്തിക്കുന്നില്ലെന്നുമാണ് സ്‌പാനിഷ്‌ മാധ്യമം എഎസ് പറയുന്നത്.

ലയണൽ മെസി പുതിയ കരാർ ഒപ്പിടുമെന്നതിൽ ബാഴ്‌സലോണ നേതൃത്വത്തിനു വളരെയധികം ഉറപ്പുണ്ടെങ്കിലും അതെന്നാണു സംഭവിക്കുകയെന്നതിൽ തീർച്ചയില്ല. അമ്പതു ശതമാനം പ്രതിഫലം വെട്ടിക്കുറയ്ക്കാൻ മെസി തയ്യാറായിട്ടുണ്ടെങ്കിലും ക്ലബിന്റെ വേതനബിൽ വളരെയധികം ഉയർന്നതായതിനാൽ നിലവിലുള്ള താരങ്ങളിൽ പലരെയും ഒഴിവാക്കിയാൽ മാത്രമേ മെസിക്ക് പുതിയ കരാർ നൽകാൻ ബാഴ്‌സലോണക്ക് കഴിയുകയുള്ളൂ.

സാങ്കേതികപരമായി നോക്കുമ്പോൾ മെസി നിലവിൽ ഒരു ഫ്രീ ഏജന്റാണ്. ജൂലൈ ഒന്നോടെ കരാർ അവസാനിച്ച താരത്തിന് പുതിയ കരാർ നൽകാൻ സാമ്പത്തിക പ്രതിസന്ധി ബാഴ്‌സക്ക് തടസം നിൽക്കുന്നുണ്ടെങ്കിലും കാത്തിരിക്കാൻ മെസി തയ്യാറാണ്. കോപ്പ അമേരിക്ക കിരീടനേട്ടത്തോടെ ഒന്നുകൂടി പിരിമുറുക്കം കുറഞ്ഞ മെസി നിലവിൽ സ്വന്തം കുടുംബത്തിനും ലൂയിസ് സുവാരസിന്റെ കുടുംബത്തിനുമൊപ്പം ഇബിസയിൽ ഒഴിവുദിവസങ്ങൾ ആഘോഷിച്ചു കൊണ്ടിരിക്കയാണ്.

അതേസമയം മെസിയുടെ കരാർ സംബന്ധിച്ച സങ്കീർണതകൾ ഓഗസ്റ്റ് പതിമൂന്നോടെ അവസാനിക്കും എന്നാണു ബാഴ്‌സലോണ നേതൃത്വം കരുതുന്നത്. റയൽ സോസിഡാഡിനെതിരെ ഓഗസ്റ്റ് പതിനഞ്ചിനാണ്‌ സീസണിൽ ബാഴ്‌സലോണയുടെ ആദ്യത്തെ മത്സരം. എന്നാൽ അതുവരെയും ട്രെയിനിങ് നടത്തിയിട്ടില്ലെങ്കിൽ സീസണിലെ ആദ്യത്തെ ലീഗ് മത്സരം മെസിക്ക് നഷ്ടമാകാനാണ് കൂടുതൽ സാധ്യത.

facebooktwitterreddit