മാർച്ചിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസി തിരിച്ചെത്തും


മാർച്ച് മാസത്തിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിലേക്ക് ലയണൽ മെസി തിരിച്ചെത്തുമെന്നു ഗാസ്റ്റൻ എഡ്യൂളിന്റെ റിപ്പോർട്ട്. അർജന്റീന നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞതിനാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടന്ന രണ്ടു മത്സരങ്ങളിൽ താരത്തിന് പരിശീലകൻ ലയണൽ സ്‌കലോണി വിശ്രമം അനുവദിച്ചിരുന്നു.
ജനുവരിയിൽ കോവിഡ് ബാധിതനായ മെസിക്കു തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാൻ സമയം നൽകുന്നതിനു വേണ്ടിക്കൂടിയാണ് ചിലി, കൊളംബിയ എന്നിവർക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയത്. എന്നാലിപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്ത് മെസി പിഎസ്‌ജിയിൽ കളിക്കാൻ ആരംഭിക്കുകയും കഴിഞ്ഞ മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കുകയും ചെയ്‌തിരുന്നു.
Lionel Messi to be called up to Argentina team for March World Cup qualifiers. https://t.co/RDbffYVCuK
— Roy Nemer (@RoyNemer) February 7, 2022
ലോകകപ്പിനു മുന്നോടിയായി ടീമിനെ സുശക്തമാക്കുന്നതിന്റെ ഭാഗമായാണ് ടീമിലെ ഏറ്റവും മികച്ച താരത്തെ മാർച്ചിൽ നടക്കുന്ന യോഗ്യത മത്സരങ്ങളിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നത്. ടീമിനൊപ്പം മെസിക്കും മെസിക്കൊപ്പം ടീമിനും കൂടുതൽ ഇണങ്ങാൻ ഇതു സഹായിക്കും. ജൂണിൽ ഇറ്റലിക്കെതിരെയും ബ്രസീലിനെതിരെയും അർജന്റീന മത്സരങ്ങൾ കളിക്കുന്നുണ്ട്.
ബ്രസീലിനെതിരെയുള്ള മാറ്റി വെച്ച ലോകകപ്പ് യോഗ്യത മത്സരം ഒഴിവാക്കിയാൽ അർജന്റീനയുടെ അവസാന ലോകകപ്പ് യോഗ്യത മത്സരങ്ങളാണ് മാർച്ചിൽ നടക്കാൻ പോകുന്നത്. വെനസ്വല, ഇക്വഡോർ എന്നീ ടീമുകളെ നേരിടാൻ ഇറങ്ങുമ്പോൾ മത്സരഫലം അർജന്റീനക്ക് പ്രധാനമല്ലെങ്കിലും അപരാജിത കുതിപ്പ് നിലനിർത്തേണ്ടത് ടീമിന് പ്രധാനമാണ്.
അതേസമയം മെസിയുടെ അഭാവത്തിലും കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ചിലിക്കെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ച ടീം കൊളംബിയക്കെതിരെ ഒരു ഗോളിന്റെ വിജയവും സ്വന്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.