Football in Malayalam

തെറ്റിദ്ധാരണ മൂലം മെസി ജേഴ്‌സി കൈമാറാൻ വിസമ്മതിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മക്ടോമിനി

Sreejith N
FC Barcelona v Manchester United - UEFA Champions League Quarter Final: Second Leg
FC Barcelona v Manchester United - UEFA Champions League Quarter Final: Second Leg / Michael Regan/Getty Images
facebooktwitterreddit

ഫൗൾ ചെയ്‌തതു താനാണെന്ന് തെറ്റിദ്ധരിച്ച് മെസി മത്സരത്തിന് ശേഷം ജേഴ്‌സി കൈമാറാൻ വിസമ്മതിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്‌കോട്ട് മക്‌ടോമിനി. 2019ലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്‌സലോണയെ നേരിടുമ്പോൾ ക്രിസ് സ്മാളിങ് ചെയ്‌ത ഫൗൾ താനാണ് ചെയ്തതെന്ന് മെസി തെറ്റിദ്ധരിച്ചുവെന്നും മത്സരശേഷം ജേഴ്‌സി കൈമാറാൻ മടിച്ചുവെന്നുമാണ് സ്‌കോട്ടിഷ് മിഡ്‌ഫീൽഡർ കഴിഞ്ഞ ദിവസം പറഞ്ഞത്.

പ്രമുഖ കായികമാധ്യമമായ ഇഎസ്‌പിഎന്നിനോട് സംസാരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസിയെന്നു ഉറപ്പിച്ചു പറഞ്ഞതിന് ശേഷമാണ് ചാമ്പ്യൻസ് ലീഗ് മത്സരത്തിലുണ്ടായ സംഭവം മക്‌ടോമിനി വെളിപ്പെടുത്തിയത്. "മെസിയുടെ ജേഴ്‌സി എനിക്ക് ലഭിച്ചിട്ടുണ്ട്. ബാഴ്‌സലോണക്കെതിരെ ചാമ്പ്യൻസ് ലീഗിൽ കളിക്കുമ്പോൾ ക്രിസ് സ്മാളിങ് താരത്തെ ഫൗൾ ചെയ്‌തതിന്റെ ഫലമായി താരത്തിന്റെ മൂക്കിൽ നിന്നെല്ലാം രക്തം വന്നിരുന്നു. ഞാനാണാ ഫൗൾ ചെയ്‌തതെന്നാണ്‌ മെസി കരുതിയത്," മക്ടോമിനി പറഞ്ഞു.

"മെസിയുടെ ജേഴ്‌സി വേണമെന്ന് ഞാൻ ആവശ്യപ്പെട്ടതു പ്രകാരം സെർജിയോ റോമെറോ അദ്ദേഹത്തോടതു ചോദിച്ച് തിരിച്ചു വന്നു പറഞ്ഞപ്പോഴാണ് ഫൗൾ ചെയ്‌തത്‌ ഞാനാണെന്നു മെസി കരുതുന്നുണ്ടെന്ന് മനസിലായത്. ആ ഫൗൾ എന്റെ ഭാഗത്തു നിന്നുമല്ലെന്നു റൊമേറോയോട് വ്യക്തമാക്കിയ ഞാൻ എന്റെ ബെഡ്‌റൂമിൽ വെക്കാനാണു ജേഴ്‌സിയെന്നു പറഞ്ഞ് ഒരെണ്ണം സ്വന്തമാക്കി. ആ ഫൗൾ ചെയ്‌തത്‌ ഞാനല്ലെന്ന് അദ്ദേഹം ഇപ്പോഴെങ്കിലും മനസിലാക്കുമെന്ന് കരുതുന്നു," മക്‌ടോമിനി വ്യക്തമാക്കി.

സ്മാളിങ്ങാണ് ആ ഫൗൾ ചെയ്‌തതെന്ന്‌ വെളിപ്പെടുത്തിയതിന്റെ പേരിൽ മക്‌ടോമിനി നിലവിൽ റോമയിൽ കളിക്കുന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തോട് ക്ഷമാപണവും നടത്തി. അതേസമയം അന്നത്തെ മത്സരത്തിൽ മെസിയെ തടുക്കാൻ പരുക്കൻ അടവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുത്തെങ്കിലും ലൂക്ക് ഷായുടെ സെൽഫ് ഗോളിൽ തോൽവി വഴങ്ങുകയായിരുന്നു.

facebooktwitterreddit