Football in Malayalam

"ദൈവമേ, എന്നെ അർജന്റൈനാക്കിയതിനു നന്ദി"- കോപ്പ അമേരിക്ക വിജയത്തിൽ മറഡോണയടക്കമുള്ളവർക്കു നന്ദിയറിയിച്ച് മെസി

Sreejith N
FBL-2021-COPA AMERICA-ARG-BRA
FBL-2021-COPA AMERICA-ARG-BRA / CARL DE SOUZA/Getty Images
facebooktwitterreddit

ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി ഇരുപത്തിയെട്ടു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കോപ്പ അമേരിക്ക കിരീടം അർജന്റീന സ്വന്തമാക്കിയതിനു പിന്നാലെ നന്ദിപ്രകടനവുമായി ലയണൽ മെസി. തന്നെ അർജന്റൈൻ ആക്കിയ ദൈവത്തോടും ഇതിഹാസതാരം മറഡോണ, സഹതാരങ്ങൾ, കുടുംബം, ആരാധകർ എന്നിവർക്കെല്ലാം താരം തന്റെ നന്ദിയറിയിച്ചു.

"മാരക്കാനയിൽ ബ്രസീലിനെതിരായ ക്ളാസികോ മത്സരം.." മെസിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തുടങ്ങുന്നതിങ്ങനെയാണ്.

"അവിശ്വസനീയമായ ഒരു കിരീടനേട്ടമാണിത്. ഞങ്ങൾക്ക് പല കാര്യങ്ങളിലും ഇനിയും മെച്ചപ്പെടാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാമെങ്കിലും താരങ്ങൾ അവരുടെ ആത്മാവിനെ തന്നെ മുഴുവനായും നൽകിയെന്നാണ് സത്യസന്ധമായ കാര്യം. ഈ ഗ്രൂപ്പിന്റെ നായകൻ മാത്രമായിരിക്കുന്നതിൽ എനിക്ക് അഭിമാനിക്കാൻ കഴിയില്ല."

"ഈ കിരീടനേട്ടം എനിക്കു മുന്നോട്ടു പോകാനുള്ള എല്ലാ കരുത്തും നൽകിയ കുടുംബത്തിനും, ഞാൻ വളരെയധികം സ്നേഹിക്കുന്ന എന്റെ സുഹൃത്തുക്കൾക്കും, എന്നെ പിന്തുണച്ചവർക്കും, പ്രത്യേകിച്ചും വൈറസ് മൂലം മോശം സമയമനുഭവിക്കുന്ന 45 മില്യൺ വരുന്ന അർജന്റീനിയൻ ജനതക്കും, അതു മൂലം കൂടുതൽ ദുരിതമനുഭവിച്ചവർക്കും ഞാൻ സമർപ്പിക്കുന്നു. തീർച്ചയായും അതിനു പുറമെ, എന്നെ എവിടെയാണെങ്കിലും പിന്തുണച്ചു കൊണ്ടിരുന്ന ഡീഗൊക്കും.."

കോവിഡിനെതിരെ അർജന്റീന പോരാട്ടം തുടരേണ്ടതുണ്ടെന്നും മെസി അതിനൊപ്പം പറഞ്ഞു. "ഈ ആഘോഷങ്ങൾ തുടരാൻ നമ്മൾ കൂടുതൽ കരുതലും പുലർത്തേണ്ടതുണ്ട്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇനിയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് മറന്നു പോവരുത്. ഈ അവസരം കൂടുതൽ കരുത്താക്കി മാറ്റി നമുക്ക് വൈറസിനെ തോൽപ്പിക്കാം." മെസി കുറിച്ചു.

"നന്ദി ദൈവമേ, എനിക്കു നൽകിയതിനെല്ലാം. എന്നെ അർജന്റീനിയൻ ആക്കിയതിന്, എന്നെ അമേരിക്കയിലെ ജേതാക്കളാക്കിയതിന്." മെസി അവസാനം പറഞ്ഞു നിർത്തി.

facebooktwitterreddit