മെസിയെക്കുറിച്ചുള്ള സംസാരം അവസാനിപ്പിക്കണം, നെയ്‌മറെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും ബാഴ്‌സ പരിശീലകൻ

Dec 5, 2020, 11:26 AM GMT+5:30
Ronald Koeman, Lionel Messi
FC Barcelona v C.A. Osasuna - La Liga Santander | David Ramos/Getty Images
facebooktwitterreddit

ബാഴ്‌സലോണ നേതൃത്വത്തിലെ ഉയർന്ന സ്ഥാനങ്ങളിലിരിക്കുന്നവർ മെസിയെക്കുറിച്ച് നടത്തുന്ന പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. കഴിഞ്ഞ ദിവസം ബാഴ്‌സലോണയുടെ താൽക്കാലിക പ്രസിഡന്റായ കാർലോസ് ടുസ്ക്വറ്റ്സ് മെസിയെ കഴിഞ്ഞ സമ്മറിൽ വിൽക്കേണ്ടതായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ബാഴ്‌സലോണ പരിശീലകന്റെ പരാമർശം.

"ലിയോയുടെ സാഹചര്യം നമുക്കറിയാവുന്നതാണ്. അതിനെക്കുറിച്ച് ആർക്കെങ്കിലും സംസാരിക്കാൻ കഴിയുമെങ്കിൽ അതു ലിയോക്കു തന്നെയാണ്, പുറത്തു നിന്നുള്ള അഭിപ്രായങ്ങളിൽ ഞാൻ താൽപര്യപ്പെടുന്നില്ല. അത് ക്ലബിനുള്ളിൽ നിന്നു തന്നെയാകുമ്പോൾ സമാധാനത്തോടെയും മനസാന്നിധ്യത്തോടെയും ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. പുറത്തു നിന്നുള്ള അഭിപ്രായം നിയന്ത്രിക്കാനാവില്ലെങ്കിലും അകത്തു നിന്നുള്ളവയുടെ കാര്യം അങ്ങിനെയല്ല," കാഡിസിനെതിരായ ലാ ലിഗ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ കൂമാൻ പറഞ്ഞു.

"അഭിപ്രായങ്ങളെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ മെസിയാണ് തന്റെ ഭാവിയെക്കുറിച്ച് തീരുമാനങ്ങളെടുക്കേണ്ടത്. അതേക്കുറിച്ചുള്ള പലരുടെയും വിലയിരുത്തലുകളിൽ എനിക്ക് താൽപര്യമില്ല," കൂമാൻ കൂട്ടിച്ചേർത്തു.

മെസിക്കൊപ്പം വീണ്ടും കളിക്കണമെന്ന നെയ്‌മറുടെ പ്രതികരണത്തിലൂന്നി താരത്തെ ബാഴ്‌സയിലേക്ക് തിരിച്ചെത്തിക്കാനുള്ള സാധ്യതകളെക്കുറിച്ചും കൂമാൻ വ്യക്തമാക്കി. ഇതുപോലെ വ്യക്തിപരമായ കേസുകളെക്കുറിച്ച് സംസാരിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും എന്നാൽ ബാഴ്‌സലോണയെ വളരെയധികം ആരാധിക്കുന്ന ഒരാളെന്ന നിലയിൽ ടീമിന് ഏറ്റവും ഗുണകരമായ കാര്യങ്ങളാണ് താൻ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിരതയുള്ള പ്രകടനം കാഴ്ച വെക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ ബാഴ്‌സലോണ അടുത്ത ലാ ലീഗ മത്സരത്തിൽ കാഡിസിനെയാണ് നേരിടുന്നത്. നിലവിൽ ഒൻപതു മത്സരങ്ങൾ കളിച്ച് ലാ ലിഗയിൽ ഏഴാം സ്ഥാനത്താണ് ബാഴ്‌സലോണ. പതിനൊന്നു മത്സരങ്ങൾ കളിച്ച് ഇരുപത്തിനാലു പോയിന്റുമായി റയൽ സോസിഡാഡ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഒൻപതു മത്സരങ്ങൾ കളിച്ച് ടേബിൾ ടോപ്പേഴ്‌സുമായി ഒരു പോയിന്റ് മാത്രം പിന്നിലാണ് അത്ലറ്റികോ മാഡ്രിഡ്.

facebooktwitterreddit