ബാലൺ ഡി ഓർ നേടുമെന്നു കരുതുന്നില്ലെന്ന് മെസി, ഖത്തർ ലോകകപ്പിനു ശേഷം വിരമിക്കാനുള്ള സാധ്യതയെക്കുറിച്ചും താരം


ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം താൻ നേടുമെന്നു കരുതുന്നില്ലെന്ന് ലയണൽ മെസി. അടുത്ത ലോകകപ്പിനു ശേഷം വിരമിക്കാനുള്ള സാധ്യതകളെക്കുറിച്ചും ടൂർണമെന്റിൽ അർജന്റീന ടീമിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം സ്പാനിഷ് മാധ്യമമായ സ്പോർട്ടിനോട് മെസി സംസാരിക്കുകയുണ്ടായി.
കഴിഞ്ഞ സീസണിൽ ലാ ലിഗ ടോപ് സ്കോററാവുകയും അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടിക്കൊടുക്കുകയും ചെയ്ത മെസിക്ക് ഇത്തവണ ബാലൺ ഡി ഓർ നേടാൻ സാധ്യത കൽപ്പിക്കുന്നുണ്ട്. എന്നാൽ ബാലൺ ഡി ഓർ നേടുമെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് "ആത്മാർത്ഥമായി പറയുകയാണെങ്കിൽ ഇല്ല" എന്നാണു താരം മറുപടി നൽകിയത്. ദേശീയ ടീമിനൊപ്പം നേടിയതു വലിയ പുരസ്കാരമാണെന്നും ഏഴാം ബാലൺ ഡി ഓർ ലഭിച്ചാൽ അത് അസാധാരണമായ നേട്ടമാകുമെന്നും മെസി കൂട്ടിച്ചേർത്തു.
ലോകകപ്പിനു തയ്യാറെടുക്കുന്ന അർജന്റീന ടീമിനെക്കുറിച്ചും ലോകകപ്പിന് ശേഷം വിരമിക്കാനുള്ള സാധ്യതകളെക്കുറിച്ചും മെസി പറഞ്ഞു. "മഹത്തായ കാര്യങ്ങൾ ചെയ്യാൻ എനിക്ക് ആവേശമുണ്ട്. വളരെക്കാലം ഒരുപാട് അടുത്തു നിന്നിട്ടും ഒന്നും വിജയിക്കാൻ കഴിയാതെ വേദനകളിലൂടെ കടന്നു പോയതിനു ശേഷമാണ് ഞങ്ങൾ കോപ്പ അമേരിക്ക നേടിയത്."
"ഞങ്ങൾ കിരീടസാധ്യതയുള്ളവരാവാൻ ഇനിയും ചെയ്യേണ്ടതുണ്ട്. മറ്റു മികച്ച ടീമുകൾ ഉള്ളതു കൊണ്ടു തന്നെ ഞങ്ങൾക്ക് സാധ്യത കുറവാണ്. എന്നാൽ ഞങ്ങൾ ശരിയായ ദിശയിലാണ്. മാറ്റങ്ങളും ടീമിലെ അന്തരീക്ഷവും വളരെ മികച്ചതാണ്. വിജയങ്ങൾ ഞങ്ങളെ കൂടുതൽ വളർച്ച നേടാൻ സഹായിക്കുന്നു." മെസി പറഞ്ഞു.
ഖത്തർ ലോകകപ്പിനു ശേഷം വിരമിക്കുമോ എന്നതിനെപ്പറ്റിയും മെസി പ്രതികരിച്ചു. "ഇല്ല, ഞാനങ്ങനെ കരുതുന്നില്ല. എനിക്ക് സംഭവിച്ച കാര്യങ്ങൾക്കു ശേഷം ഞാൻ ഓരോ ദിവസവും ഓരോ വർഷവും കണക്കിലെടുത്താണ് ജീവിക്കുന്നത്. ലോകകപ്പിലോ അതിനു ശേഷമോ എന്തു സംഭവിക്കും എന്നെനിക്ക് അറിയില്ല, ഞാനതേപ്പറ്റി ചിന്തിക്കുന്നില്ല. അപ്പോൾ സംഭവിക്കുന്നതെന്താണോ അതു സംഭവിക്കും." മെസി വ്യക്തമാക്കി.