ഫ്രഞ്ച് ലീഗ് മത്സരത്തിനു ശേഷം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനു സർപ്രൈസ് നൽകി ലയണൽ മെസി

2022-02-06 Lille OSC v Paris Saint-Germain - Ligue 1 Uber Eats
2022-02-06 Lille OSC v Paris Saint-Germain - Ligue 1 Uber Eats / BSR Agency/GettyImages
facebooktwitterreddit

ലില്ലെയും പിഎസ്‌ജിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരം കഴിഞ്ഞ സീസണിലെ ലീഗ് ജേതാക്കളായ ലില്ലെയെ സംബന്ധിച്ച് നിരാശ നൽകിയ ഒന്നായിരുന്നു. മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം ലില്ലെയുടെ മൈതാനത്തു സ്വന്തമാക്കിയ പിഎസ്‌ജി ലീഗിലെ ഒന്നാം സ്ഥാനം ഒന്നുകൂടി സുശക്തമാക്കി നിലനിർത്തുകയുണ്ടായി.

എന്നാൽ ലില്ലെക്കു വേണ്ടി കളിച്ച മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഏഞ്ചൽ ഗോമസിനെ സംബന്ധിച്ച് മറക്കാൻ കഴിയാത്ത മത്സരമായിരിക്കുമതെന്നതിൽ സംശയമില്ല. മത്സരത്തിനു ശേഷം പിഎസ്‌ജി സൂപ്പർതാരമായ ലയണൽ മെസി നൽകിയ സർപ്രൈസ് തോൽവിയിലും താരത്തിന് സന്തോഷം നൽകിയിട്ടുണ്ടാകും.

മത്സരത്തിനു ശേഷം മൈതാനത്തു വെച്ച് ഏഞ്ചൽ ഗോമസുമായി ഏതാനും വാക്കുകൾ പങ്കിട്ട മെസി അതിനു ശേഷം ടണലിൽ വെച്ച് ഗോമസിനോട് ജേഴ്‌സി കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ജേഴ്‌സി മെസി ആവശ്യപ്പെടുന്നതിൽ അത്ഭുതപ്പെട്ട ഗോമസ് ജേഴ്‌സി കൈമാറുന്നതിന്റെയും സൗഹൃദം പങ്കിടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താരങ്ങൾ തമ്മിൽ ജേഴ്‌സി കൈമാറുന്നത് ഫ്രഞ്ച് ലീഗ് വിലക്കിയിട്ടുണ്ട്. ഇതിനെ മറികടന്നാണ് മെസി ഏഞ്ചൽ ഗോമസിന്റെ ജേഴ്‌സി സ്വീകരിച്ച് തന്റെ ജേഴ്‌സി കൈമാറിയതെന്നാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

മത്സരത്തിൽ പിഎസ്‌ജി നിരയിൽ മികച്ച പ്രകടനം നടത്താൻ ലയണൽ മെസിക്കു കഴിഞ്ഞിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം ഫോമിലേക്ക് തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ മത്സരത്തിൽ പ്രകടമാക്കിയിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.