മെസിയും സുവാരസും വീണ്ടുമൊരുമിച്ചു കളിക്കും, അടുത്ത ക്ലബിൽ ഒരുമിക്കാനുള്ള താരങ്ങളുടെ പദ്ധതിയിങ്ങനെ


കളിക്കളത്തിനകത്തായാലും പുറത്തായാലും ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച സൗഹൃദങ്ങളിലൊന്നാണ് ലയണൽ മെസിയും ലൂയിസ് സുവാരസും തമ്മിലുള്ളത്. ഒട്ടും സ്വാർത്ഥതയില്ലാതെ കളിക്കളത്തിൽ പരസ്പരം സഹായിച്ചു കൊണ്ടിരിക്കുകയും കളത്തിനു പുറത്ത് മികച്ച സൗഹൃദം പങ്കിടുകയും ചെയ്തിരുന്ന താരങ്ങൾ തമ്മിലുള്ള ഒത്തിണക്കം അക്കാലത്തു ബാഴ്സയെ നിരവധി കിരീടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
ലൂയിസ് സുവാരസ് കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിലേക്കും ലയണൽ മെസി ഈ സമ്മർ ജാലകത്തിൽ പിഎസ്ജിയിലേക്കും ചേക്കേറിയത് ഇരുതാരങ്ങളും തമ്മിൽ കളിക്കളത്തിലുണ്ടായിരുന്ന സൗഹൃദം ഇല്ലാതാക്കിയെങ്കിലും അതിനു പുറത്തുള്ള ചങ്ങാത്തം ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുണ്ട്. നിലവിൽ രണ്ടു രാജ്യങ്ങളിലെ രണ്ടു ക്ലബുകളിലാണ് കളിക്കുന്നതെങ്കിലും ഇരുവർക്കും വീണ്ടും ഒരുമിക്കാനുള്ള പദ്ധതികളുണ്ടെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നു.
Lionel Messi and Luis Suarez plot reunification plan at next clubhttps://t.co/FBNP36SaHv pic.twitter.com/4WkMdxbejk
— Mirror Football (@MirrorFootball) October 23, 2021
അത്ലറ്റികോ മാഡ്രിഡുമായുള്ള ലൂയിസ് സുവാരസിന്റെ കരാർ 2022ൽ അവസാനിക്കുമെങ്കിലും താരം അതൊരു വർഷം കൂടി നീട്ടാൻ തയ്യാറെടുക്കുകയാണ്. അതു നീട്ടുന്നതോടെ 2023ൽ മെസിയുടെ പിഎസ്ജി കരാർ അവസാനിക്കുന്നതിനൊപ്പം ലൂയിസ് സുവാരസിന്റെ അത്ലറ്റികോ മാഡ്രിഡുമായുള്ള കരാറും അവസാനിക്കും. അതിനു ശേഷമാണ് ഇരുവരും ഒരുമിക്കാൻ തയ്യാറെടുക്കുന്നതെന്ന് സ്പാനിഷ് മാധ്യമം ഡിയാരിയോ സ്പോർട് റിപ്പോർട്ടു ചെയ്യുന്നു.
2022 ലോകകപ്പ് വരെ ടോപ് ലെവൽ ഫുട്ബോൾ കളിക്കാൻ കൂടിയാണ് സുവാരസ് അത്ലറ്റികോ മാഡ്രിഡിനൊപ്പം തുടരുന്നത്. ആ ലോകകപ്പ് കഴിഞ്ഞ് ക്ലബ് സീസൺ പൂർത്തിയാകുന്നതോടെ സുവാറസിനു മുപ്പത്തിയാറു വയസായിരിക്കും പ്രായമുണ്ടാവുക. സുവാരസിനേക്കാൾ ആറു മാസം പ്രായം കുറഞ്ഞ മെസിയും യുറുഗ്വായ് താരവും അതിനു ശേഷം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിൽ ഒരുമിക്കാനാണ് പദ്ധതിയിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുപ്പത്തിയഞ്ചു കഴിയുന്നതോടെ കായികശേഷി കുറയാനിടയുള്ള താരങ്ങൾക്ക് യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുമോയെന്നുറപ്പില്ല. അതേസമയം മുഖ്യധാരയിലേക്ക് ഉയർന്നു വരുന്ന അമേരിക്കൻ ലീഗിൽ ആ കായികശേഷി മതിയാവുകയും ചെയ്യും. നിലവിൽ ലഭിക്കുന്ന വേതനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നതും ഈ താരങ്ങൾ എംഎൽഎസിൽ ഒരുമിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.