Football in Malayalam

ബാഴ്‌സലോണ പതറിയ സീസണിലും മികച്ച പ്രകടനം നടത്തി ലയണൽ മെസ്സി; കണക്കുകൾ ഇങ്ങനെ

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / David Ramos/Getty Images
facebooktwitterreddit

ബാഴ്‌സലോണയെ സംബന്ധിച്ച് അത്ര മികച്ച സീസണായിരുന്നില്ല ഇത്തവണത്തേത്. കഴിഞ്ഞ തവണ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിച്ച ടീം ഇത്തവണ കോപ്പ ഡെൽ റേ സ്വന്തമാക്കിയെങ്കിലും കയ്യിലിരുന്ന ലാ ലിഗ കിരീടം അവസാന ഘട്ടത്തിൽ ദുർബലരായ ടീമുകളോട് തോൽവി വഴങ്ങി നഷ്ട്ടപ്പെടുത്തിയത് ബാഴ്‌സക്കും ആരാധകർക്കും വലിയ നിരാശയാണു സമ്മാനിച്ചത്.

എന്നാൽ ബാഴ്‌സലോണ പതറിയപ്പോഴും ടീമിന്റെ നായകനായ ലയണൽ മെസ്സി നടത്തിയ പ്രകടനത്തിന്റെ കണക്കുകൾ അവിശ്വസനീയമാണ്. ഈ സീസണിന്റെ തുടക്കം പതർച്ചയോടെ ആയിരുന്നെങ്കിലും പിന്നീട് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ മെസി തന്നെയാണ് ഈ സീസണിൽ ബാഴ്‌സലോണയെ പിടിച്ചു നിർത്തിയതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ലാ ലിഗയിലെ ടോപ് സ്കോററായി സീസൺ പൂർത്തിയാക്കി പിച്ചിച്ചി പുരസ്‌കാരം ഉറപ്പിച്ച മെസി ഏറ്റവുമധികം തവണ ഈ നേട്ടം സ്വന്തമാക്കിയ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി. ഇതിനു പുറമെ ലീഗിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ അത്ലറ്റികോ മാഡ്രിഡിന്റെയും റയൽ മാഡ്രിഡിന്റെയും പ്രധാന താരങ്ങളായ ലൂയിസ് സുവാരസ്, കരിം ബെൻസിമ എന്നിവരെ മറ്റു പല കാര്യങ്ങളിലും അർജന്റൈൻ താരം പിന്നിലാക്കി.

ഡയറക്റ്റ് ഫ്രീകിക്കുകളിൽ നിന്നും മൂന്നു ഗോളുകൾ മാത്രമാണ് മെസി നേടിയതെങ്കിലും അതിന്റെ കണക്കിലും താരം തന്നെയാണ് മുന്നിലുള്ളത്. രണ്ടു ഫ്രീ കിക്കുകൾ നേടിയ ജോസെലുവിനെ പിന്നിലാക്കിയ അർജന്റീനിയൻ താരം, ഏറ്റവുമധികം തവണ ഗോളിനു വേണ്ടി ശ്രമിച്ച കളിക്കാരൻ കൂടിയാണ്. മെസി 91 തവണ ഗോളിനു വേണ്ടി ശ്രമിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള കരിം ബെൻസിമ 55 തവണ മാത്രമാണ് ഗോളിനു വേണ്ടി ശ്രമിച്ചിരിക്കുന്നത്.

എതിരാളികളുടെ ഹാഫിൽ അപകടം വിതക്കുന്ന കാര്യത്തിലും മെസി തന്നെയാണ് മുന്നിലുള്ളത്. 1636 പാസുകൾ എതിരാളികളുടെ ഹാഫിനുള്ളിൽ വെച്ചു നൽകിയ ബാഴ്‌സ നായകൻ അക്കാര്യത്തിൽ സഹതാരങ്ങളായ ഡി ജോംഗ്, ബുസ്‌ക്വറ്റ്സ് എന്നിവരെയും പറേജോ, ലൂക്ക മോഡ്രിച്ച് എന്നീ മറ്റു ലാ ലിഗ താരങ്ങളെയും മറികടന്നു.

ലാ ലിഗയിൽ ഏറ്റവുമധികം തവണ എതിരാളികളാൽ ഫൗൾ ചെയ്യപ്പെട്ട താരവും മെസിയാണ്. 99 തവണ എതിരാളികൾ മെസിയെ വീഴ്ത്തിയപ്പോൾ 97 തവണ ഫൗൾ ചെയ്യപ്പെട്ട ജാവി ഗലാൻ, 85 തവണ ഫൗൾ ചെയ്യപ്പെട്ട നബീൽ ഫക്കിർ എന്നിവരാണ് പിന്നിലുള്ളത്.

ജൂണോടെ ബാഴ്‌സലോണ കരാർ അവസാനിക്കുന്ന താരത്തിന്റെ കോൺട്രാക്ട് പുതുക്കേണ്ടത് ബാഴ്‌സക്ക് എത്രത്തോളം അത്യാവശ്യമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ബാഴ്‌സലോണയെ ഇപ്പോഴും തന്റെ ചുമലിലേറ്റുന്ന മെസി കരാർ പുതുക്കി തുടരുമെന്നു തന്നെയാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


facebooktwitterreddit