Football in Malayalam

കോപ്പ അമേരിക്കയെ സംബന്ധിച്ചുള്ള ഉറുഗ്വെയുടെ അഭിപ്രായം അറിയാൻ സുവാരസുമായി സംസാരിച്ച് മെസ്സി

Gokul Manthara
Uruguay v Argentina - FIFA 2018 World Cup Qualifiers
Uruguay v Argentina - FIFA 2018 World Cup Qualifiers / Sandro Pereyra/Getty Images
facebooktwitterreddit

ബ്രസീൽ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഇത്തവണത്തെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് നടക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോളും ഉറപ്പിച്ചു പറയാനായിട്ടില്ലെന്നതാണ് സത്യം. കോവിഡ് വ്യാപനത്തിനിടെ ബ്രസീലിൽ കോപ്പ അമേരിക്ക സംഘടിപ്പിക്കുന്നതിന് ബ്രസീൽ താരങ്ങൾക്ക് തന്നെ എതിർപ്പാണുള്ളതെന്നും അതിനാൽ അവർ ടൂർണമെന്റ് ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ടെന്നും ഇന്നലെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു

അതിനിടെ, ഇപ്പോളിതാ കോപ്പ അമേരിക്ക ബ്രസീലിൽ നടത്തുന്നത് സംബന്ധിച്ച് ഉറുഗ്വെയുടെ അഭിപ്രായം അറിയാൻ ലൂയിസ് സുവാരസിനോട് ലയണൽ മെസ്സി സംസാരിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌പോർട് 890 ജേർണലിസ്റ്റായ സെബാസ് ജിയോവാനെല്ലി. ഇരു താരങ്ങളും തമ്മിൽ നടന്ന സംസാരത്തിനിടെ, ടൂർണമെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തു വരാൻ ഉറുഗ്വെ മുൻ കൈയ്യെടുക്കില്ലെന്ന് മെസിയെ സുവാരസ് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, ബ്രസീലിൽ കോപ്പ അമേരിക്ക നടക്കാൻ പോകുന്നതിൽ ഏറ്റവുമധികം ആശങ്ക ബ്രസീലിയൻ താരങ്ങൾക്ക് തന്നെയാണെന്നതാണ് ശ്രദ്ധേയം. ദുരിതകാലത്തിലൂടെ കടന്നു പോകുന്ന ജന്മ നാട്ടിൽ കോപ്പ അമേരിക്ക ടൂർണമെന്റ് കളിക്കുന്നതിനോട് വിയോജിപ്പുള്ള ബ്രസീലിയൻ താരങ്ങൾ, മറ്റ് ടീമുകളെ ബന്ധപ്പെട്ടെന്നും, ബ്രസീൽ വേദിയായി തുടരുകയാണെങ്കിൽ ഈ വർഷത്തെ കോപ്പ അമേരിക്ക ബഹിഷ്കരിക്കുന്നതിനെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

ബ്രസീൽ നായകനായ കാസിമിറോ, സ്വന്തം നാട്ടിൽ കോപ്പ അമേരിക്ക കളിക്കുന്നതിനോടുള്ള ടീമിന്റെ എതിർപ്പ് പരസ്യമായി പ്രഖ്യാപിക്കുമെന്നുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. എന്തായാലും കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട കോലാഹലങ്ങളും അനിശ്ചിതത്വങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit