Football in Malayalam

തന്റെ ചിത്രം മനോഹരമായി പുറത്തു ടാറ്റൂ ചെയ്‌ത ബ്രസീലിയൻ ആരാധകനോട് വാക്കു പാലിച്ച് ലയണൽ മെസി

Sreejith N
Argentina v Chile: Group A - Copa America Brazil 2021
Argentina v Chile: Group A - Copa America Brazil 2021 / Buda Mendes/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം ജേഴ്‌സി എടുത്തുയർത്തി മെസി നടത്തിയ ഐതിഹാസികമായ ഗോളാഘോഷത്തിന്റെ ചിത്രം പുറത്തു ടാറ്റൂ ചെയ്‌ത ബ്രസീലിയൻ ആരാധകന് അതിനടിയിൽ തന്റെ ഒപ്പു നൽകി വാക്കു പാലിച്ച് ലയണൽ മെസി. അർജന്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സ് ആരാധകന്റെ ചിത്രങ്ങൾ പുറത്തുവിട്ടപ്പോൾ അതിനടിയിൽ ഒപ്പുവെക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മെസി കഴിഞ്ഞ ദിവസം അത് യാഥാർഥ്യമാക്കുകയായിരുന്നു.

ഇഗോറെന്ന ബ്രസീലിയൻ മിലിട്ടറി ഫയർഫൈറ്ററാണ് മെസിയുടെ ഗോളാഘോഷത്തിന്റെ ചിത്രം തന്റെ പുറത്ത് മനോഹരമായ രീതിയിൽ ടാറ്റൂ ചെയ്‌തത്‌. പന്ത്രണ്ടു മണിക്കൂർ വീതമെടുത്ത മൂന്നു സെഷനുകളിലൂടെ പൂർത്തിയാക്കിയ ഈ ടാറ്റൂ 2019 മുതൽ ഇഗോറിന്റെ ദേഹത്തുണ്ട്. യുറുഗ്വായും അർജന്റീനയും തമ്മിൽ നടന്ന മത്സരത്തിന് മുൻപ് ഇഗോർ ഈ ടാറ്റൂ കാണിക്കുന്നതിന്റെ വീഡിയോ അടക്കം ടൈക് സ്പോർട്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തപ്പോഴാണ്‌ മെസിയുടെ ശ്രദ്ധയിലേക്ക് ഇക്കാര്യം എത്തുന്നതും അതിനടിയിൽ ഒപ്പുവെക്കാനുള്ള ആഗ്രഹമുണ്ടെന്ന് താരം വീഡിയോക്കടിയിൽ കമന്റായി കുറിച്ചതും.

മനോഹരമായ ടാറ്റൂ തനിക്ക് വളരെയധികം ഇഷ്ടമായെന്നും ഇയാളെ കാണാനും അതിനടിയിൽ ഒപ്പുവെക്കാനും തനിക്ക് ആഗ്രഹമുണ്ടെന്നാണ് മെസി കമന്റായി കുറിച്ചത്. ഇതിനു പിന്നാലെ ഇഗോർ അടക്കം ഏതാനും ആരാധകർ മെസി താമസിക്കുന്ന ഹോട്ടലിനു മുന്നിലെത്തുകയും താരം പുറത്തിറങ്ങി ബ്രസീലിയൻ ആരാധകന്റെ ടാറ്റൂവിനടിയിൽ ഒപ്പു വെക്കുകയുമായിരുന്നു. ഇഗോറിനെ സംബന്ധിച്ച് ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ അനുഭവമാണ് അർജന്റീന നായകൻ സമ്മാനിച്ചത്.

മെസി നൽകിയ ഒപ്പും ടാറ്റൂ ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ഇഗോർ അതു വരെയും തനിക്ക് കുളിക്കാൻ കഴിയില്ലെന്ന രസകരമായ പ്രതികരണവും നടത്തി. മെസിയോട് ഫാദേഴ്‌സ് ഡേ ആശംസകളോ, മുൻകൂറായി പിറന്നാൾ ആശംസകളോ പറയാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും സന്തോഷം കാരണം തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അർജന്റീനയിലെ എല്ലാവർക്കും അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്‌തു.

facebooktwitterreddit