Football in Malayalam

ലയണൽ മെസി യുവന്റസിലേക്കു ചേക്കേറി ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കണമെന്ന് ഹമേസ് റോഡ്രിഗസ്

Sreejith N
Cristiano Ronaldo (R) of Juventus FC and Lionel Messi of FC...
Cristiano Ronaldo (R) of Juventus FC and Lionel Messi of FC... / Nicolò Campo/Getty Images
facebooktwitterreddit

എഫ്‌സി ബാഴ്‌സലോണ വിട്ട ലയണൽ മെസിയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഫുട്ബോൾ ലോകത്ത് സജീവമാകുന്നത്. പിഎസ്‌ജി ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ മെസി ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറാൻ ധാരണയായി എന്നു വെളിപ്പെടുത്തൽ നടത്തിയെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരാതെ ഇതുറപ്പിക്കാനാവില്ല. അതിനിടയിൽ അർജന്റീന താരത്തോട് യുവന്റസിലേക്ക് ചേക്കേറാൻ ആവശ്യപ്പെട്ടിരിക്കയാണ് മുൻ റയൽ മാഡ്രിഡ് താരമായ ഹമെസ് റോഡ്രിഗസ്.

"മെസി യുവന്റസിലേക്ക് പോയി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒപ്പം കളിക്കണം. അതൊരു ബോംബായിരിക്കും. നിരവധി ആരാധകർക്ക് ഫുട്ബോൾ ലോകത്തെ ഈ രണ്ടു വമ്പൻ താരങ്ങൾ ഒരുമിച്ചു കളിക്കുന്നതു കാണാൻ ആഗ്രഹം ഉണ്ടായിരിക്കും," ട്വിച്ച് സ്ട്രീമിങ്ങിൽ റോഡ്രിഗസ് പറഞ്ഞു.

"ഒരു വർഷം കുറഞ്ഞത് മുപ്പതു ഗോളും മുപ്പത് അസിസ്റ്റും ബാഴ്‌സലോണക്ക് വേണ്ടി മെസി സ്വന്തമാക്കിയിരുന്നു. ഇനി ബാഴ്‌സലോണക്ക് അതു ചെയ്യാൻ കഴിയുന്ന മറ്റു കളിക്കാരെ കണ്ടെത്തേണ്ടതുണ്ട്. പത്തു ഗോളും പത്ത് അസിസ്റ്റും നൽകുന്ന കളിക്കാരും അഞ്ചു ഗോളും അഞ്ച് അസിസ്റ്റും നൽകുന്ന കളിക്കാറുണ്ട്. എന്നാൽ അതുപോലെയൊരു കളിക്കാരനെ കണ്ടെത്തുകയാണ് ബുദ്ധിമുട്ടേറിയ കാര്യം.

"ഫുട്ബോൾ വളരെയധികം മാറിയിരിക്കുന്നു, മെസി ബാഴ്‌സ വിട്ടത് അതു സ്ഥിരീകരിക്കുന്നതാണ്. മെസി ബാഴ്‌സലോണ വിടുമെന്നും സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ നിന്നും പുറത്തു പോകുമെന്നും ആരെങ്കിലും കരുതിയിരുന്നോ?"

മുൻപ് റൊണാൾഡോയിലേക്കും മെസിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു നടന്നിരുന്ന ലാ ലിഗ ക്ലാസികോ മത്സരങ്ങൾ ഇനി വ്യത്യസ്‌തമായിരിക്കുമെന്നു പറഞ്ഞ ഹമെസ് ആരാധകർ മത്സരം കാണുമെങ്കിലും അതൊരിക്കലും പഴയതു പോലെ ആകില്ലെന്നു വ്യക്തമാക്കി. മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയാൽ അതു ഫ്രഞ്ച് ക്ലബിന്റെ അപ്രമാദിത്വത്തിനു വഴിയൊരുക്കുമെന്ന അഭിപ്രായവും ഹമെസ് പ്രകടിപ്പിച്ചു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit