അടുത്ത സീസണിൽ മികച്ച കാര്യങ്ങൾ സംഭവിക്കും, ആരാധകർക്ക് സന്ദേശവുമായി ലയണൽ മെസി
By Sreejith N

ഈ സീസണിൽ പിഎസ്‌ജിക്ക് പ്രതീക്ഷിച്ച നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞില്ലെങ്കിലും അടുത്ത സീസണിൽ മികച്ച കാര്യങ്ങൾ സംഭവിക്കുമെന്ന് ടീമിലെ സൂപ്പർതാരമായ ലയണൽ മെസി. ഇൻസ്റ്റഗ്രാമിൽ ആരാധകർക്ക് നൽകിയ സന്ദേശത്തിലൂടെയാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്. റയൽ മാഡ്രിഡിനോടുള്ള ചാമ്പ്യൻസ് ലീഗ് തോൽവിയെക്കുറിച്ച് പരാമർശിച്ച മെസി ആ മത്സരങ്ങളിൽ മികച്ച ടീം പിഎസ്‌ജിയായിരുന്നുവെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.
കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ ലയണൽ മെസി എത്തിയപ്പോൾ വളരെയധികം പ്രതീക്ഷകൾ ഉയർന്നെങ്കിലും അതിനെ ന്യായീകരിക്കുന്ന പ്രകടനം നടത്താൻ ഫ്രഞ്ച് ക്ലബിന് കഴിഞ്ഞില്ല. ബാഴ്‌സയിൽ സൂപ്പർതാരമായിരുന്ന മെസിയുടെ സീസണിലെ പ്രകടനവും ശരാശരിയിൽ താഴെ നിൽക്കുന്നതായിരുന്നു. സീസൺ അവസാനിച്ചതിനു പിന്നാലെയാണ് മെസി ആരാധകർക്ക് സന്ദേശവുമായി എത്തിയത്.
"സീസൺ പൂർത്തിയായി, ഞാൻ വന്ന സമയം മുതൽ എന്നെയും എന്റെ കുടുംബത്തെയും നല്ല രീതിയിൽ പരിഗണിക്കുകയും കൂടെ നിൽക്കുകയും പിന്തുണക്കുകയും ചെയ്‌ത സഹതാരങ്ങൾക്കു ഞാൻ നന്ദി പറയുന്നു. സംഭവിച്ച കാര്യങ്ങൾ പരിശോധിക്കുമ്പോൾ ഇതൊരു വ്യത്യസ്‌തമായ വർഷമാണ്. എങ്കിലും അവസാനം ഞങ്ങൾ കിരീടം നേടി, പാരിസിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ കിരീടം ആയതിനാൽ തന്നെ അതിൽ വളരെ ആവേശമുണ്ട്."
"നമ്മളായിരുന്നു മികച്ച ടീമെങ്കിലും ചാമ്പ്യൻസ് ലീഗിൽ തോറ്റതിന്റെ കയ്‌പ്പേറിയ അനുഭവവും ഒപ്പമുണ്ട്. എന്നാൽ അതിനൊപ്പം തന്നെ ഞങ്ങളുടെ ലക്ഷ്യമായിരുന്ന മറ്റൊരു കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷവുമുണ്ട്. 2022ൽ തീർച്ചയായും നല്ല കാര്യങ്ങൾ വരും, ഇതൊരു പ്രധാന വർഷമാണ്, എല്ലാം വിജയിക്കും എന്ന ആഗ്രഹത്തോടെ ഞങ്ങൾ പൊരുതുകയും ചെയ്യും. വീണ്ടും കാണാം." മെസി കുറിച്ചു.
വരുന്ന സീസൺ പിഎസ്‌ജിയെ സംബന്ധിച്ച് മികച്ചതാവും എന്നു തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. സൂപ്പർതാരങ്ങൾ നിറഞ്ഞ പിഎസ്‌ജി ടീം ഈ സീസണിൽ ഒത്തിണക്കമുണ്ടാക്കാൻ വൈകിയത് അവരുടെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ അടുത്ത സീസണിൽ അതിൽ നിന്നും വ്യത്യസ്‌തമായതും പുതുക്കി നിർമിച്ചതുമായ ഒരു പിഎസ്‌ജി ടീമിനെ കാണാൻ കഴിയുമെന്നു തന്നെയാണ് ആരാധകർ കരുതുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.