Football in Malayalam

ബാഴ്സലോണ ജേഴ്സിയിൽ അൻപത് ഫ്രീകിക്ക് ഗോളുകളെന്ന തകർപ്പൻ നേട്ടം സ്വന്തമാക്കി ലയണൽ മെസി

Gokul Manthara
Valencia CF v FC Barcelona - La Liga Santander
Valencia CF v FC Barcelona - La Liga Santander / Aitor Alcalde/Getty Images
facebooktwitterreddit

ബാഴ്സലോണ ജേഴ്സിയിൽ അൻപത് ഫ്രീകിക്ക് ഗോളുകൾ എന്ന തകർപ്പൻ നേട്ടം സ്വന്തമാക്കി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ഇന്നലെ വലൻസിയക്കെതിരെ നടന്ന ലാലീഗ മത്സരത്തിലായിരുന്നു മെസി ഈ ശ്രദ്ധേയ നേട്ടത്തിലെത്തിയത്. 2020-21 സീസണിൽ ഫ്രീകിക്കിൽ നിന്ന് മെസി നേടുന്ന മൂന്നാമത്തെ ഗോൾ കൂടിയായിരുന്നു വലൻസിയക്കെതിരെയുള്ളത്.

ഫ്രീകിക്കിൽ നിന്ന് നേരിട്ട് ഗോളുകൾ നേടുന്നതിൽ അഗ്രഗണ്യനായ മെസി 2008/09 സീസണിലാണ് ബാഴ്സലോണ കരിയറിലെ ആദ്യ ഫ്രീകിക്ക് ഗോൾ നേടുന്നത്. 2018-19 സീസണിലാണ് മെസി ഏറ്റവും കൂടുതൽ ഫ്രീകിക്കുകൾ ഗോളാക്കി മാറ്റിയത്. ആ സീസണിൽ 8 തവണയായിരുന്നു മെസിയെടുത്ത ഫ്രീകിക്കുകൾ ഗോളായി മാറിയത്. 2015/16, 2017/18 സീസണുകളിൽ 7 വീതം ഫ്രീകിക്ക് ഗോളുകൾ ബാഴ്സലോണക്കായി നേടിയ മെസി, കഴിഞ്ഞ സീസണിൽ 5 തവണയാണ് ഫ്രീക്കിൽ നിന്ന് ഗോളുകൾ കണ്ടെത്തിയത്.

ബാഴ്സലോണക്ക് വേണ്ടിയുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ അർധ സെഞ്ചുറി തികച്ച മത്സരത്തിൽ മെസി ഇരട്ട ഗോളുകളും സ്കോർ ചെയ്തിരുന്നു. 2020-21 സീസൺ ലാലീഗയിൽ മെസി ഇത് ഒൻപതാം തവണയാണ് ഇരട്ട ഗോളുകൾ നേടുന്നത്. വലൻസിയക്ക് പുറമേ റയൽ ബെറ്റിസ്, അത്ലറ്റിക്ക്, ഗ്രനഡ, അലാവസ്, എൽഷെ, ഹുയേസ്ക, റയൽ സോസിദാദ്, ഗെറ്റാഫെ എന്നിവർക്കെതിരെയാണ് ഇത്തവണ‌ ലാലീഗയിൽ മെസി ഇരട്ട ഗോളുകൾ നേടിയിട്ടുള്ളത്.

അതേ സമയം മെസി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ബാഴ്സലോണ 3-2ന് വലൻസിയയെ പരാജയപ്പെടുത്തുകയായിരുന്നു. മെസിക്ക് പുറമേ, അന്റോയിൻ ഗ്രീസ്മാനും കറ്റാലൻ ക്ലബ്ബിനായി വല കുലുക്കിയപ്പോൾ, ഗബ്രിയേൽ പൗലിസ്റ്റ, കാർലോസ് സോളർ എന്നിവരായിരുന്നു വലൻസിയക്കായി ഗോളുകൾ തിരിച്ചടിച്ചത്.


facebooktwitterreddit