Football in Malayalam

എംബാപ്പയുടെ അസിസ്റ്റിൽ മെസിയുടെ ആദ്യ പിഎസ്‌ജി ഗോൾ, മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് പിഎസ്‌ജി

Sreejith N
Paris Saint-Germain v Manchester City: Group A - UEFA Champions League
Paris Saint-Germain v Manchester City: Group A - UEFA Champions League / Matthias Hangst/Getty Images
facebooktwitterreddit

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര താരങ്ങൾ അണിനിരക്കുന്ന ടീം ഇതുവരെയും ഒത്തിണക്കം കാണിച്ചു തുടങ്ങിയിട്ടില്ലെന്ന വിമർശനങ്ങളെ കാറ്റിൽ പറത്തി പ്രീമിയർ ലീഗിലെ വമ്പന്മാരും കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളുമായ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി പിഎസ്‌ജി.

ആദ്യപകുതിയിൽ മധ്യനിര താരം ഇഡ്രിസ ഗുയെയയും രണ്ടാം പകുതിയിൽ പിഎസ്‌ജിയിൽ തന്റെ ആദ്യത്തെ ഗോൾ കുറിച്ച ലയണൽ മെസിയുമാണ് ഫ്രഞ്ച് ക്ലബിന്റെ വിജയം എളുപ്പമാക്കിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത് എങ്കിലും സ്വന്തം മൈതാനത്തു നടന്ന മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ പിഎസ്‌ജി മുന്നിലെത്തി. ഗോളിലേക്കുള്ള നെയ്‌മറുടെ ഒരു ബാക്ക് ഫ്ലിക്ക് പരാജയപ്പെട്ടപ്പോൾ പന്തു ലഭിച്ച മധ്യനിര താരം ഇഡ്രിസ ഗുയെയ ബോക്‌സിന്റെ മൂലയിലേക്ക് പന്തെത്തിച്ച് ഫ്രഞ്ച് ക്ലബ്ബിനെ മുന്നിലെത്തിക്കുകയായിരുന്നു.

അതിനു ശേഷം മാഞ്ചസ്റ്റർ സിറ്റി സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും മികച്ച രീതിയിൽ പ്രതിരോധക്കോട്ട കെട്ടിയ പിഎസ്‌ജിയും ഗോൾകീപ്പർ ഡോണറുമ്മയും അതിനെ സമർത്ഥമായി തടഞ്ഞു നിർത്തി.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി കൂടുതൽ ആക്രണമങ്ങൾ സംഘടിച്ചപ്പോൾ പ്രതിരോധം ശക്തമാക്കുകയല്ലാതെ ഫ്രഞ്ച് ക്ലബിനു വേറെ വഴിയുണ്ടായിരുന്നില്ല. നെയ്‌മറടക്കമുള്ള മുന്നേറ്റനിര താരങ്ങൾ സ്വന്തം ബോക്‌സിലേക്കിറങ്ങി പ്രതിരോധിച്ചപ്പോൾ ഗോൾ നേടാനുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റങ്ങളൊന്നും ഫലം കണ്ടില്ല.

അതിനിടയിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ച് പിഎസ്‌ജിക്കു വേണ്ടിയുള്ള മെസിയുടെ ആദ്യ ഗോൾ പിറന്നത്. എംബാപ്പയുമായി നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിൽ ഫ്രഞ്ച് മുന്നേറ്റനിര താരം നൽകിയ ബാക്ക് ഹീൽ പാസിൽ നിന്നും തകർപ്പനൊരു ഷോട്ടിലൂടെ മെസി വല കുലുക്കുകയായിരുന്നു.

പിന്നീട് മത്സരത്തിലേക്ക് തിരിച്ചു വരാൻ മാഞ്ചസ്റ്റർ സിറ്റി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒത്തിണക്കത്തോടെ നിന്ന പിഎസ്‌ജി അതിനെയെല്ലാം വിഫലമാക്കി. പിഎസ്‌ജിയുടെ സൂപ്പർ താരങ്ങൾ തമ്മിൽ ഈഗോ പ്രശ്‌നങ്ങളുണ്ടെന്ന വാർത്തകളെ പൂർണമായും തള്ളിക്കളഞ്ഞ് തങ്ങൾ ഒറ്റക്കെട്ടായി വിജയത്തിനു വേണ്ടി പൊരുതുമെന്നു മത്സരത്തിൽ തെളിയിക്കാനും ഫ്രഞ്ച് ക്ലബിനു കഴിഞ്ഞു.

facebooktwitterreddit