പിഎസ്ജിയുടെ വമ്പൻ വിജയത്തിൽ ഇരട്ടഗോളുകളുമായി നിറഞ്ഞാടി ലയണൽ മെസി


ക്ലബ് സീസൺ അവസാനിക്കാനിരിക്കെ അടുത്ത സീസണിലെ പിഎസ്ജി ടീമിനൊപ്പം മെസിയുടെ മികച്ച പ്രകടനം പ്രതീക്ഷിക്കാം എന്ന സൂചനകൾ നൽകി മോണ്ട്പെല്ലിയറിനെതിരെ നടന്ന മത്സരത്തിൽ തിളക്കമാർന്ന പ്രകടനം നടത്തി അർജന്റീന താരം. എതിരില്ലാത്ത നാല് ഗോളുകൾക്ക് പിഎസ്ജി വിജയിച്ച മത്സരത്തിൽ രണ്ടു ഗോളുകളും നേടിയത് മെസിയായിരുന്നു.
നെയ്മറുടെ അഭാവത്തിൽ ഏഞ്ചൽ ഡി മാറിയ എംബാപ്പെ എന്നിവരുടെ കൂടെ ആക്രമണനിരയിൽ ഇറങ്ങിയ ലയണൽ മെസി ആറാം മിനുട്ടിൽ തന്നെ ആദ്യത്തെ ഗോൾ നേടുകയുണ്ടായി. അതിനു ശേഷം ഇരുപതാം മിനുട്ടിലും താരം പിഎസ്ജിയുടെ ലീഡുയർത്തി. മെസിയുടെ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകിയതിന് കിലിയൻ എംബാപ്പെ ആയിരുന്നു.
It only took 20 minutes for Lionel Messi to bag a brace against Montpellier ⚽️ ⚽️ pic.twitter.com/xiepstQADZ
— GOAL (@goal) May 14, 2022
പിഎസ്ജിക്കു വേണ്ടി ഏഞ്ചൽ ഡി മരിയയും ആദ്യപകുതിയിൽ ഗോൾ കണ്ടെത്തിയിരുന്നു. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് പിഎസ്ജിയുടെ അവസാനത്തെ ഗോൾ പിറന്നത്. പെനാൽറ്റി മെസി എടുത്തിരുന്നെങ്കിൽ പിഎസ്ജിക്കു വേണ്ടി ആദ്യ ഹാട്രിക്ക് നേടാൻ താരത്തിന് അവസരം ഉണ്ടായിരുന്നു. എന്നാൽ എംബാപ്പെ കിക്കെടുക്കുകയും കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു.
ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ മെസിയുടെ ആറാമത്തെ ഗോൾ മാത്രമാണ് ഇന്നലത്തെ മത്സരത്തിൽ പിറന്നത്. അതേസമയം ലീഗിൽ മാത്രം പതിമൂന്നു അസിസ്റ്റുകൾ താരം നൽകിയിട്ടുണ്ട്. പതിനേഴു അസിസ്റ്റുകൾ സ്വന്തമായുള്ള എംബാപ്പെ മാത്രമാണ് മെസിക്കു മുന്നിലുള്ളത്. ഈ കണക്കുകൾ ടീമുമായി കൂടുതൽ ഒത്തിണങ്ങിയാൽ താരം ഏറ്റവും മികച്ച പ്രകടനം നടത്തും എന്നതിന്റെ തെളിവു തന്നെയാണ്.
ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി നേരത്തെ സ്വന്തമാക്കി എങ്കിലും കഴിഞ്ഞ ലെൻസ്, സ്ട്രോസ്ബർഗ്, ട്രോയസ് എന്നിവർക്കെതിരെ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയം നേടാൻ കഴിയാതിരുന്ന അവർക്ക് ആശ്വാസമാണ് ഇന്നലത്തെ വിജയം. ഇനി മെറ്റ്സിനെതിരെ ഒരു മത്സരം മാത്രമാണ് ഈ സീസണിൽ പിഎസ്ജിക്ക് ബാക്കിയുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.