Football in Malayalam

ബാഴ്‌സലോണയെ വളർത്താൻ സാവിക്കു കഴിയുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ലയണൽ മെസി

Sreejith N
Barcelona v Real Sociedad - La Liga
Barcelona v Real Sociedad - La Liga / Quality Sport Images/GettyImages
facebooktwitterreddit

ബാഴ്‌സലോണയെ പുതിയൊരു തലത്തിലേക്ക് വളർത്താൻ ക്ലബിന്റെ പുതിയ പരിശീലകനും തന്റെ മുൻ സഹതാരവുമായി സാവിക്ക് കഴിയും എന്നതിൽ യാതൊരു സംശയവുമില്ലെന്ന് ലയണൽ മെസി. റൊണാൾഡ്‌ കൂമാനു പകരക്കാരനായി ബാഴ്‌സലോണ പരിശീലക സ്ഥാനം ഏറ്റെടുത്ത സാവി എസ്പാന്യോളിനെതിരെ ആദ്യ മത്സരം കളിക്കുകയും എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടുകയും ചെയ്‌തിരുന്നു.

നിലവിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് ബാഴ്‌സലോണ കടന്നു പോകുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുകളും അതുമൂലം മെസിയടക്കമുള്ള പ്രധാന താരങ്ങൾ ക്ലബ് വിട്ടതും താരങ്ങൾക്ക് നിരന്തരം പരിക്കു പറ്റുന്നതുമെല്ലാം ബാഴ്‌സലോണയുടെ ഈ സീസണിലെ പ്രകടനത്തെ വളരെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ മറികടന്ന് ക്ലബ്ബിനെ ശരിയായ പാതയിലേക്ക് നയിക്കാൻ സാവിക്കു കഴിയുമെന്നു തന്നെയാണ് മെസി പറയുന്നത്.

"ഒരുപാട് കാര്യങ്ങൾ അറിയുന്ന പരിശീലകനാണ് സാവി, ക്ലബ്ബിനെ പറ്റിയും താരത്തിനു നന്നായി അറിയാം, ചെറുപ്പം മുതൽ തന്നെ അതദ്ദേഹം മനസിലാക്കി തുടങ്ങിയതാണ്. യുവതാരങ്ങൾക്ക് വളരെ പ്രധാനപ്പെട്ട വ്യക്തിയായ അദ്ദേഹം ബാഴ്‌സലോണയെ ഒരുപാട് വളർത്തും, എനിക്കതിൽ സംശയമില്ല." ലയണൽ മെസി സ്‌പാനിഷ്‌ മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സാവി പരിശീലകനായി എത്തിയതിനു പിന്നാലെ ക്ലബിന്റെ ഇതിഹാസതാരമായ ഡാനി ആൽവസിനെ ബാഴ്‌സലോണ ഫ്രീ ട്രാൻസ്‌ഫറിൽ സ്വന്തമാക്കിയിരുന്നു. ജനുവരി മുതൽ കളിക്കാൻ കഴിയുന്ന ബ്രസീലിയൻ താരം ടീമിനൊപ്പം പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുമ്പോൾ ക്ലബ്ബിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹത്തെക്കുറിച്ചും മെസി പറഞ്ഞു.

"എനിക്കു കഴിയുന്ന താരത്തിലെല്ലാം ബാഴ്‌സയെ സഹായിക്കാൻ വേണ്ടി ക്ലബ്ബിലേക്ക് തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് എല്ലായിപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഞാൻ വിചാരിക്കുന്നതു പോലെ എനിക്ക് ക്ലബ്ബിനെ സഹായിക്കാൻ കഴിയുമെങ്കിൽ തിരിച്ചു വരിക തന്നെ ചെയ്യും," മെസി വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit