La Liga

"എനിക്കു മഞ്ഞക്കാർഡ് നൽകാൻ റഫറിക്ക് ആഗ്രഹമുണ്ടായിരുന്നു"- എൽ ക്ലാസിക്കോ മത്സരം നഷ്ടമാകുമെന്ന ആശങ്ക പങ്കുവെച്ച് മെസി

Sreejith N
FC Barcelona v Real Valladolid CF - La Liga Santander
FC Barcelona v Real Valladolid CF - La Liga Santander / Alex Caparros/Getty Images
facebooktwitterreddit

റയൽ വല്ലഡോളിഡിനെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ ഒരു മഞ്ഞക്കാർഡ് ലഭിച്ചിരുന്നെങ്കിൽ അടുത്ത് നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ മത്സരം മെസിക്ക് നഷ്‌ടമാകുമായിരുന്നു. ലീഗിലുടനീളമായി അഞ്ചു മഞ്ഞക്കാർഡുകൾ ലഭിച്ചാൽ ഒരു മത്സരത്തിൽ സസ്‌പെൻഷൻ ലഭിക്കുമെന്നിരിക്കെ നാല് മഞ്ഞക്കാർഡുകൾ സ്വന്തം പേരിലുണ്ടെന്ന ഭീഷണിയിലാണ് മെസി ഇന്നലത്തെ മത്സരം പൂർത്തിയാക്കിയത്.

മഞ്ഞക്കാർഡ് ലഭിക്കുമെന്നും അടുത്ത വരാനിരിക്കുന്ന എൽ ക്ളാസികോ നഷ്ടപ്പെടുമെന്നുമുള്ള പേടി മത്സരത്തിലുടനീളം മെസിക്കുണ്ടായിരുന്നു. ആദ്യ പകുതി പൂർത്തിയായപ്പോൾ ഇക്കാര്യം ബാഴ്‌സലോണയുടെ ഒഫിഷ്യൽ പ്രതിനിധിയായ കാർലസ് നവാലിനോട് മെസി വെളിപ്പെടുത്തുകയും ചെയ്‌തു. ടിവി ക്യാമറകളാണ് മെസിയും നവാലും തമ്മിലുള്ള സംഭാഷണം പിടിച്ചെടുത്തത്.

മത്സരം നിയന്ത്രിച്ച സാന്റിയാഗോ ജയ്‌മേ ലാറ്ററേയുടെ തീരുമാനങ്ങളിൽ തൃപ്തനായിരുന്നില്ലെന്ന് മെസിയുടെ വാക്കുകൾ വ്യക്തമാക്കുന്നു. "എനിക്ക് മഞ്ഞക്കാർഡ് നൽകാൻ റഫറിക്ക് ആഗ്രഹമുണ്ടായിരുന്നു.അവിശ്വസനീയം." മെസി പറഞ്ഞു. എന്നാൽ കാർഡ് വാങ്ങാതെ തന്നെ ബാഴ്‌സ നായകൻ മത്സരം പൂർത്തിയാക്കി.

മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിൽ ഡെംബലെ നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയതോടെ ബാഴ്‌സലോണ ലാ ലിഗ പോയിന്റ് ടേബിളിൽ അത്ലറ്റികോ മാഡ്രിഡിന്റെ തൊട്ടു പിന്നിലെത്തി. രണ്ടാം പകുതിയിൽ ഒരു കളിക്കാരന് ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് പത്ത് പേരുമായാണ് റയൽ വല്ലഡോളിഡ് മത്സരം പൂർത്തിയാക്കിയത്.

അടുത്തയാഴ്ച നടക്കുന്ന എൽ ക്‌ളാസികോ ബാഴ്‌സലോണക്കും റയലിനും അതിനിർണായകമാണ്. റയലിനെ സംബന്ധിച്ച് എൽ ക്ലാസിക്കോ വിജയം പോയിന്റ് ടേബിളിൽ ബാഴ്‌സയെ മറികടക്കാനുള്ള അവസരമാണ്. അതേസമയം ലാ ലീഗ്‌ കിരീടത്തിനായുള്ള റയലിന്റെ വെല്ലുവിളി കുറക്കാൻ ബാഴ്‌സക്കും വിജയം കൂടിയേ തീരൂ.

facebooktwitterreddit