ബാഴ്സയിൽ ഒരാളും സൗജന്യമായി കളിക്കാൻ ആവശ്യപ്പെട്ടില്ല, ലപോർട്ടയുടെ വാക്കുകൾ വേദനിപ്പിച്ചുവെന്ന് മെസി


ബാഴ്സയിലെ ഒരാൾ പോലും തന്നോട് സൗജന്യമായി കളിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കാറ്റലൻ ക്ലബിന്റെ നായകനായിരുന്ന ലയണൽ മെസി. സാമ്പത്തിക പ്രതിസന്ധി മൂലം മെസിയുടെ കരാർ പുതുക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ സൗജന്യമായി ടീമിനു വേണ്ടി കളിക്കാമെന്ന വാഗ്ദാനം താരം നൽകുമെന്നു പ്രതീക്ഷിച്ചുവന്ന പ്രസിഡന്റ് ലപോർട്ടയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു പിഎസ്ജി താരം.
"സത്യമെന്തെന്നു വെച്ചാൽ, ഞാനത് എന്റെ വാക്കുകളിൽ പറയുന്നു. ടീമിനൊപ്പം തുടരാൻ സാധ്യമായതെല്ലാം ഞാൻ ചെയ്തു, എന്നോട് സൗജന്യമായി കളിക്കാൻ ഒരു സമയത്തു പോലും ഒരാളും ആവശ്യപ്പെട്ടിട്ടില്ല. എന്റെ ശമ്പളം അമ്പതു ശതമാനം കുറക്കാൻ ആവശ്യപ്പെട്ടിരുന്നു, യാതൊരു പ്രശ്നവും കൂടാതെ ഞാനത് സമ്മതിക്കുകയും ചെയ്തു."
Leo Messi to Sport: “No one from Barcelona asked me to play for free, I got a cut of over 50% and I was willing to help the club even more. President Joan Laporta’s words hurt me - I did not deserve it”. ? #Messi
— Fabrizio Romano (@FabrizioRomano) November 1, 2021
"എനിക്കും എന്റെ കുടുംബത്തിനും ബാഴ്സലോണയിൽ തുടരാൻ മാത്രമായിരുന്നു ആഗ്രഹം. എന്നോടാരും ഫ്രീയായി കളിക്കാൻ ആവശ്യപ്പെട്ടിട്ടില്ല എന്നതിനാൽ തന്നെ പ്രസിഡന്റിന്റെ വാക്കുകൾ അസ്ഥാനത്താണെന്ന് ഞാൻ കരുതുന്നു. അവരതു പറയണ്ട കാര്യമുണ്ടായിരുന്നില്ലെന്നാണ് ഞാൻ കരുതുന്നത്, അതെന്നെ വേദനിപ്പിച്ചു."
"അനന്തരഫലങ്ങൾ അറിയാതെയുള്ള ഒന്നായോ അല്ലെങ്കിൽ എല്ലാറ്റിന്റെയും ഉത്തരവാദിത്വം നൽകുന്നതു പോലെയായാണ് അത്. ഞാൻ ഒട്ടും അർഹിക്കാത്ത രീതിയിലുള്ള ഒരു സംശയം ആളുകൾക്കിടയിൽ അതുണ്ടാക്കിയേക്കും." സ്പാനിഷ് മാധ്യമം സ്പോർട്ടിനോട് മെസി പറഞ്ഞു.
ബാഴ്സലോണ താരങ്ങളുമായി ഇപ്പോഴും മികച്ച ബന്ധം തനിക്കുണ്ടെന്നും മെസി പറഞ്ഞു. അഗ്യൂറോ, ജോർദി ആൽബ, ബുസ്ക്വറ്റ്സ് എന്നിവരുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ടെന്നും അവരാരും തന്നെ പിന്തുണച്ചെന്നും പറഞ്ഞ മെസി, ക്ലബ് വിടാനുണ്ടായ സാഹചര്യങ്ങൾ തന്നെപ്പോലെ തന്നെ അവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നും കൂട്ടിച്ചേർത്തു.