ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാനും ക്ലബിനെ സഹായിക്കാനുമുള്ള താൽപര്യം വെളിപ്പെടുത്തി ലയണൽ മെസി

Sreejith N
Lionel Messi
Lionel Messi / ATPImages/GettyImages
facebooktwitterreddit

ഫുട്ബോൾ കരിയർ അവസാനിപ്പിച്ചതിനു ശേഷം ബാഴ്‌സയിലേക്ക് തിരിച്ചു പോകാനുള്ള താൽപര്യം വെളിപ്പെടുത്തി പിഎസ്‌ജി സൂപ്പർതാരം ലയണൽ മെസി. വിരമിച്ചതിനു ശേഷം ബാഴ്‌സയെ സഹായിക്കാനും ക്ലബിന്റെ ടെക്‌നിക്കൽ സെക്രട്ടറിയാവാനും തനിക്കു താത്പര്യമുണ്ടെന്നാണ് ബാഴ്‌സ വിട്ട് ഏതാനും മാസങ്ങൾ മാത്രം പിന്നിട്ടിരിക്കെ മെസി വ്യക്തമാക്കിയത്.

ഇരുപത്തിയൊന്നു വർഷങ്ങൾ ബാഴ്‌സലോണക്കൊപ്പം ചിലവഴിച്ച മെസി ക്ലബിന്റെയും ചരിത്രത്തിലെ തന്നെയും ഏറ്റവും മികച്ച താരമെന്ന പേര് ഇക്കാലയളവിൽ സ്വന്തമാക്കിയിരുന്നു. ബാഴ്‌സ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം കരാർ പുതുക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് മെസിക്ക് താൻ ചെറുപ്പം മുതൽ കളിച്ചിരുന്ന ക്ലബ് വിടേണ്ടി വന്നത്.

"ഞാനെല്ലായിപ്പോഴും പറഞ്ഞിട്ടുണ്ട് ക്ലബ്ബിനെ സഹായിക്കാൻ എനിക്ക് വളരെ സന്തോഷമാണെന്ന്. എപ്പോഴെങ്കിലും ക്ലബിന്റെ ടെക്‌നിക്കൽ സെക്രട്ടറി ആകാൻ ഞാനിഷ്ടപ്പെടുന്നു. അതു ബാഴ്‌സലോണയിൽ ആകുമോ എന്നെനിക്കറിയില്ല, ചിലപ്പോൾ അതു മറ്റെവിടെയെങ്കിലും ആയിരിക്കാം." ബാഴ്‌സയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മെസി സ്പോർട്ടിനോട് മറുപടി പറഞ്ഞു.

"സാധ്യതയുണ്ടെങ്കിൽ ബാഴ്‌സക്കു വേണ്ടി എനിക്ക് കഴിയുന്നതു പോലെ എല്ലാം നൽകാൻ എനിക്ക് സന്തോഷമേയുള്ളൂ. കാരണം ഈ ക്ലബ്ബിനെ ഞാൻ ഇഷ്‌ടപ്പെടുന്നു, അവർ നല്ല രീതിയിൽ തുടരാനും കൂടുതൽ വളരാനും ലോകത്തിലെ ഏറ്റവും മികച്ച ക്ലബായി തുടരാനും ഞാൻ ആഗ്രഹിക്കുന്നു." മെസി വ്യക്തമാക്കി.

രണ്ടു വർഷത്തെ കരാറൊപ്പിട്ടാണ് മെസി പിഎസ്‌ജിയിൽ എത്തിയിരിക്കുന്നത്. താരത്തിനു വേണമെങ്കിൽ അതൊരു വർഷം കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടിയും കരാറിലുണ്ട്. പിഎസ്‌ജി തന്റെ അവസാനത്തെ ക്ലബായിരിക്കുമെന്ന് മെസി ഇതുവരെ പറഞ്ഞിട്ടില്ലെന്നിരിക്കെ താരം ബാഴ്‌സയിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷ ആരാധകരിൽ പലർക്കുമുണ്ട്.

facebooktwitterreddit