പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള തീരുമാനം തെറ്റായിരുന്നില്ലെന്ന് ലയണൽ മെസി


ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിയെ സംബന്ധിച്ച് അത്ര മികച്ചൊരു തുടക്കമല്ല ഫ്രഞ്ച് ക്ലബിനൊപ്പം ഇതുവരെ ഉണ്ടായിട്ടുള്ളത്. ഏതാനും മത്സരങ്ങളിൽ ഗോളുകൾ നേടാൻ പരാജയപ്പെട്ട താരം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തന്റെ ആദ്യത്തെ പിഎസ്ജി ഗോൾ നേടിയെങ്കിലും അതിനു ശേഷം ഫ്രഞ്ച് ലീഗിൽ നടന്ന റെന്നസിനെതിരായ മത്സരത്തിൽ പിഎസ്ജി തോൽവി വഴങ്ങുകയായിരുന്നു.
അതേസമയം സീസണിൽ പതറിയ തുടക്കം തന്നെയാണെങ്കിലും പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള തന്റെ തീരുമാനത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് ലയണൽ മെസി പറയുന്നത്. പിഎസ്ജിയിലേക്ക് ചേക്കേറിയതിനു ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ ഫ്രാൻസ് ഫുട്ബോളിനോടാണ് ലയണൽ മെസി ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ ഒൻപതിനാണ് അഭിമുഖം പൂർണമായും പുറത്തു വരുന്നത്.
നിലവിൽ അർജന്റീന ടീമിനൊപ്പമുള്ള മെസി ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കു വേണ്ടി തയ്യാറെടുക്കുകയാണ്. പാരഗ്വായ്, യുറുഗ്വായ്, പെറു എന്നിവർക്കെതിരെ ഇന്റർനാഷണൽ ബ്രേക്കിൽ മത്സരങ്ങളുള്ള അർജന്റീന ടീമിനൊപ്പം മെസി കൂടുതൽ മികവു കാണിക്കുന്നുണ്ടെന്ന് കഴിഞ്ഞ മത്സരം കാണിച്ചു തന്നിരുന്നു. കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ ഹാട്രിക്കാണ് മെസി നേടിയത്.
അതേസമയം മെസി ക്ലബ് വിട്ടതോടെ കടുത്ത പ്രതിസന്ധി നേരിടുകയാണ് ബാഴ്സലോണ. സീസണിൽ വളരെ മോശം പ്രകടനം നടത്തുന്ന ടീം ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും തോറ്റതിനു പുറമെ ലാ ലീഗയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ്. ബാഴ്സയുടെ പ്രശ്നങ്ങളെ മെസിയാണ് മറച്ചു പിടിച്ചിരുന്നതെന്ന് ക്ലബിന്റെ പരിശീലകനായ റൊണാൾഡ് കൂമാനും വെളിപ്പെടുത്തിയിരുന്നു.