Football in Malayalam

'മഹത്തായ നേട്ടങ്ങൾ സ്വന്തമാക്കാമെന്ന ദൃഢനിശ്ചയമുണ്ട്' - പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ആദ്യ പ്രതികരണവുമായി മെസി

Sreejith N
FBL-FRA-LIGUE1-PSG-MESSI
FBL-FRA-LIGUE1-PSG-MESSI / SAMEER AL-DOUMY/Getty Images
facebooktwitterreddit

വളരെ മികച്ച കഴിവുകളുള്ള പിഎസ്‌ജി സഹതാരങ്ങൾക്കൊപ്പം മഹത്തായ നേട്ടങ്ങൾ ക്ലബിനു വേണ്ടി സ്വന്തമാക്കാമെന്ന ദൃഢനിശ്ചയം തനിക്കുണ്ടെന്ന് ലയണൽ മെസി. പിഎസ്‌ജിയുമായി കരാർ ഒപ്പിട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അർജന്റീന നായകൻ. ഇന്നലെയാണ് മുൻ ബാഴ്‌സലോണ താരത്തെ പിഎസ്‌ജി ഔദ്യോഗികമായി ടീമിന്റെ ജേഴ്‌സിയിൽ അവതരിപ്പിച്ചത്.

ആറു തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയിട്ടുള്ള ഒരേയൊരു താരമായ മെസി രണ്ടു വർഷത്തേക്കാണ് ഫ്രഞ്ച് ക്ലബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതു വീണ്ടും ഒരു വർഷത്തേക്ക് നീട്ടാൻ കഴിയും. ബാഴ്‌സലോണക്കൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും നേടിയിട്ടുള്ള മെസി പിഎസ്‌ജിക്കൊപ്പവും അതാവർത്തിക്കുക തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി.

"ക്ലബ് ലക്ഷ്യമിടുന്നത് എന്റെ ആഗ്രഹങ്ങളുമായി ഒരുമിച്ചു പോകുന്ന കാര്യങ്ങളാണ്. വളരെയധികം കഴിവുള്ള താരങ്ങളും ബാക്ക്‌റൂം സ്റ്റാഫുകളുമാണ് ഇവിടെയുള്ളതെന്ന് എനിക്കറിയാം. അവരോടൊപ്പം ചേർന്ന് ക്ലബിനും ആരാധകർക്കും വേണ്ടി മഹത്തരമായതു കെട്ടിപ്പടുക്കാമെന്ന ദൃഢനിശ്ചയം എനിക്കുണ്ട്. പാർക് ഡി പ്രിൻസസ് മൈതാനത്തിറങ്ങാനാണ് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്," മെസി പറഞ്ഞു.

നിലവിൽ തന്നെ ലോകോത്തര താരങ്ങളുള്ള ടീമിലേക്ക് മെസി കൂടിയെത്തുന്നത് പിഎസ്‌ജിയുടെ റിക്രൂട്മെന്റ് പോളിസിയുടെ പ്രാധാന്യവും വിജയവും കാണിച്ചു തരുന്നുവെന്ന് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖേലൈഫി പ്രതികരിച്ചു. നെയ്‌മർ, എംബാപ്പെ, ഡി മരിയ, മാർക്വിന്യോസ്, ഇകാർഡി, വെറാറ്റി തുടങ്ങിയ താരങ്ങളുള്ള ടീമിലേക്ക് ഈ സമ്മറിൽ മെസി, റാമോസ്, വൈനാൽഡം, ഡോണറുമ്മ എന്നിവർ എത്തിയതോടെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ സംഘമായി പിഎസ്‌ജി മാറിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit